ഇസ്രയേൽ അധികകാലം ഉണ്ടാകില്ല: ഖമനയ്യുടെ ഭീഷണി
Saturday, October 5, 2024 4:45 AM IST
ടെഹ്റാൻ: ഇസ്രയേൽ അധികനാൾ ഉണ്ടാകില്ലെന്ന് ഇറാനിലെ പരമോന്നത നേതാവ് ആയത്തു ള്ള അലി ഖമനയ്യുടെ ഭീഷണി. ഇസ്രയേലിനെതിരേ ഇറാൻ നടത്തിയ മിസൈൽ ആക്രമണം പൊതുജന സേവനമായിരുന്നു. ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയ്ക്കായുള്ള പ്രാർഥനയ്ക്കു നേതൃത്വം വഹിച്ചശേഷം സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ടെഹ്റാനിലെ ഇമാം ഖൊമേനി ഗ്രാൻഡ് മൊസല്ല മോസ്കിൽ പതിനായിരങ്ങളാണ് ഖമനയ്യുടെ പ്രസംഗം ശ്രവിച്ചത്. വർഷങ്ങൾക്കുശേഷമാണ് അദ്ദേഹം വെള്ളിയാഴ്ച പ്രാർഥനയ്ക്കു നേതൃത്വം നല്കുന്നത്.
ലബനനിലെ ഹിസ്ബുള്ള, ഗാസയിലെ ഹമാസ് ഭീകരസംഘടനകളെ ഖമനയ് പ്രശംസിച്ചു. ഹിസ്ബുള്ളയ്ക്കും ഹമാസിനും എതിരേ പിടിച്ചുനിൽക്കാൻ ഇസ്രയേലിനാകില്ല. നസറുള്ളയുടെ രക്തസാക്ഷിത്വം പാഴാകില്ല. ഹമാസ് കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നടത്തിയ ആക്രമണം ശരിയായ നീക്കമായിരുന്നു. ലബനനിലെ ജിഹാദിനും അൽ അഖ്സ മോസ്കിനായുള്ള പോരാട്ടത്തിനും പിന്തുണ നൽകേണ്ടത് എല്ലാ മുസ്ലിംകളുടെയും കടമയാണ്. പശ്ചിമേഷ്യയിലെ ഭൂമിയും പ്രകൃതിവിഭവങ്ങളും നിയന്ത്രണത്തിലാക്കാനുള്ള അമേരിക്കൻ പദ്ധതിയിലെ ഒരുപകരണം മാത്രമാണ് ഇസ്രയേലെന്ന് ഖമനയ് ആരോപിച്ചു.
നിലത്തുകുത്തിയ തോക്കിന്റെ കുഴൽ ഇടത്തെ കയ്യിൽ പിടിച്ചുകൊണ്ടാണ് ഖമനയ് പ്രസംഗിച്ചത്. ഇറേനിയൻ ജനറലായിരുന്ന ഖാസം സുലൈമാനി 2020ൽ അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോഴാണ് ഖമനയ് ഇതിനുമുന്പ് വെള്ളിയാഴ്ച പ്രാർഥനയ്ക്കു നേതൃത്വം നല്കിയത്.