സഭാംഗങ്ങൾ ബ്രിട്ടനിൽ പ്രേഷിതർ: മാർ റാഫേൽ തട്ടിൽ
Saturday, September 14, 2024 12:33 AM IST
ഷൈമോൻ തോട്ടുങ്കൽ
ലണ്ടൻ: സീറോമലബാർ സഭയിലെ പ്രവാസി രൂപതകളിൽ ഏറ്റവും സജീവവും ഊർജസ്വലവുമായ രൂപതയാണ് ഗ്രേറ്റ് ബ്രിട്ടനെന്ന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. രൂപതയിൽ അജപാലന സന്ദർശനം നടത്തുന്ന അദ്ദേഹം റാംസ്ഗേറ്റിലെ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വൈദികസമിതിയെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു.
വിശ്വാസപരിശീലനത്തിലും അല്മായശുശ്രൂഷയിലും അജപാലനശുശ്രൂഷയിലും യൂറോപ്പിലെ സഭയ്ക്ക് മാതൃകയാണ് ഗ്രേറ്റ് ബ്രിട്ടൻ രൂപത. ജോലിക്കായി കുടിയേറിയ എഴുപതിനായിരം സഭാ മക്കളുണ്ട് ഗ്രേറ്റ് ബ്രിട്ടനിൽ. സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടു മാത്രമാകരുത് കുടിയേറ്റമെന്നും പ്രേഷിതദൗത്യത്തെക്കുറിച്ച് സഭാമക്കൾക്കു ബോധ്യമുണ്ടാകണമെന്നും മാർ റാഫേൽ തട്ടിൽ നിർദേശിച്ചു.
മേജർ ആർച്ച്ബിഷപ്പിനെ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സ്വാഗതം ചെയ്തു. പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് നന്ദി പറഞ്ഞു.