പാപ്പുവ ന്യൂഗിനിയ സംസ്കാരങ്ങളാൽ സന്പന്നം: ഫ്രാൻസിസ് മാർപാപ്പ
Saturday, September 7, 2024 11:33 PM IST
പോർട്ട് മോറെസ്ബി: പാപ്പുവ ന്യൂഗിനിയയുടെ സാംസ്കാരിക വൈവിധ്യത്തെ പുകഴ്ത്തി ഫ്രാൻസിസ് മാർപാപ്പ. നൂറുകണക്കിനു ദ്വീപുകളിലായി എണ്ണൂറിലധികം ഭാഷകൾ നിലവിലുള്ള രാജ്യം അസാധാരണമാംവിധം സാംസ്കാരിക സന്പന്നമാണെന്ന് അദ്ദേഹം പറഞ്ഞു.
പാപ്പുവ ന്യൂഗിനിയ സന്ദർശിക്കുന്ന മാർപാപ്പ രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരുമായും നയതന്ത്രപ്രതിനിധികളുമായുമുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു. പാപ്പുവ ന്യൂഗിനിയയുടെ ഗവർണർ ജനറൽ ബോബ് ബോഫെൻഡ് മാർപാപ്പയെ ഊഷ്മളമായി സ്വീകരിച്ചു.
പ്രകൃതിവിഭവങ്ങളാലും സന്പന്നമാണ് പാപ്പുവ ന്യൂഗിനിയയെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി. വിഭവങ്ങളുമായി ബന്ധപ്പെട്ട തൊഴിലും വരുമാനവുമെല്ലാം പ്രദേശവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ഉപയോഗിക്കണം. ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ അവസാനിക്കുമെന്ന പ്രത്യാശയും മാർപാപ്പ പങ്കുവച്ചു.
തലസ്ഥാനമായ പോർട്ട് മോറെസ്ബിയിലെ ‘ക്രിസ്ത്യാനികളുടെ സഹായമാതാവിന്റെ’ തീർഥാടനകേന്ദ്രത്തിൽ പാപ്പുവ ന്യൂഗിനിയയിലെയും സോളമൻ ദ്വീപിലെയും മെത്രാന്മാരുമായും വൈദികരുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ സർ ജോൺ ഗൈസ് സ്റ്റേഡിയത്തിൽ മാർപാപ്പ വിശുദ്ധ കുർബാന അർപ്പിക്കും