ഐസിസി വാറന്റിന് പുല്ലുവില; പുടിന് മംഗോളിയയിൽ ചുവപ്പുപരവതാനി
Tuesday, September 3, 2024 11:30 PM IST
ഉലാൻബത്തോർ: അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐസിസി) അറസ്റ്റ് വാറന്റ് മാനിക്കാതെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് ഉജ്വല സ്വീകരമൊരുക്കി മംഗോളിയ.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശവുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം വാറന്റ് പുറപ്പെടുവിച്ചശേഷം പുടിൻ ഐസിസി അംഗത്വമുള്ള രാജ്യം സന്ദർശിക്കുന്നത് ഇതാദ്യമാണ്.
ഉലാൻബത്തോറിലെ ചെങ്കിസ് ഖാൻ ചത്വരത്തിൽ പുടിന് ഒരുക്കിയ ഒരുക്കിയ സ്വീകരണത്തിൽ പരന്പരാഗത വേഷധാരികളായ സൈനികരടക്കം പങ്കെടുത്തു. മംഗോളിയൻ പ്രസിഡന്റ് ഉഖ്നാഗിൻ ഹുറുൾസുഖുമായി പുടിൻ കൂടിക്കാഴ്ച നടത്തി.
യുക്രെയ്നിലെ കുട്ടികളെ റഷ്യയിലേക്കു കടത്തി എന്നാരോപിച്ചാണ് ഹേഗിലുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതി പുടിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുന്നത്. ഉത്തരവ് പാലിക്കണമെന്നു യുക്രെയ്ൻ സർക്കാർ മംഗോളിയയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉറ്റ സുഹൃത്തായ മംഗോളിയ പുടിനെ അറസ്റ്റ് ചെയ്യില്ലെന്നു ക്രെംലിൻ നേരത്തേതന്നെ വ്യക്തമാക്കിയതാണ്.
ഊർജാവശ്യങ്ങൾക്ക് റഷ്യയെയാണ് മംഗോളിയ ആശ്രയിക്കുന്നത്. റഷ്യയിലെ യമാലിൽനിന്ന് ചൈന വഴി മംഗോളിയയിലേക്കു പ്രകൃതിവാതക പൈപ്പ് സ്ഥാപിക്കാനുള്ള ചർച്ച ഊർജിതമാണ്.