റെയ്സിയുടെ മൃതദേഹം ഇന്നു സംസ്കരിക്കും
Thursday, May 23, 2024 1:57 AM IST
ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇറേനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ ടെഹ്റാനിൽ നടന്ന അന്ത്യകർമങ്ങൾക്ക് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയ് നേതൃത്വം നല്കി. ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയും ചടങ്ങിൽ പങ്കെടുത്തു.
റെയ്സിയുടെയും വിദേശകാര്യമന്ത്രി അമീർ അബ്ദുള്ളാഹിയൻ അടക്കമുള്ള ഏഴു പേരുടെയും മൃതദേഹങ്ങൾ ടെഹ്റാൻ യൂണിവേഴ്സിറ്റിയിൽ പൊതുദർശനത്തിനു വച്ചാണു പ്രാർഥന നടത്തിയത്. ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് മൊക്ബറും വികാരാധീനനായി പങ്കുകൊണ്ടു.
‘അമേരിക്കയ്ക്കു മരണം’ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് തുടർന്ന് മൃതദേഹങ്ങൾ വിലാപയാത്രയ്ക്കായി പുറത്തേക്കെടുത്തത്. ജനങ്ങളെക്കൊണ്ടു നിറഞ്ഞിരിക്കുന്ന തെരുവുകളുടെ ദൃശ്യങ്ങൾ ഇറേനിയൻ മാധ്യമങ്ങൾ പുറത്തുവിട്ടു. ഇന്നലത്തെ ചടങ്ങുകളിൽ പങ്കെടുക്കണമെന്നു നിർദേശിക്കുന്ന ടെക്സ്റ്റ് മെസേജുകൾ ജനങ്ങൾക്കു ലഭിച്ചതായി എഎഫ്പി റിപ്പോർട്ട് ചെയ്തു.
പലസ്തീൻ ജനതയുടെ പേരിലാണ് സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്നതെന്ന് ഇസ്മയിൽ ഹനിയ പറഞ്ഞു.
ഞായറാഴ്ച അസർബൈജാൻ അതിർത്തിക്കടുത്ത് ഹെലികോപ്റ്റർ തകർന്നാണ് റെയ്സിയും മറ്റ് ഏഴു പേരും മരിച്ചത്. ടെഹ്റാനിലെ ചടങ്ങുകൾക്കുശേഷം റെയ്സിയുടെ മൃതദേഹം ദക്ഷിണ ഖുറാസാൻ പ്രവിശ്യയിലേക്കു കൊണ്ടുപോകും. ഇന്ന് സ്വദേശമായ മഷ്ഹദിലെത്തിച്ച് ഇമാം റേസയുടെ തീർഥാടനകേന്ദ്രത്തിൽ സംസ്കരിക്കും.