സിഡ്നിയിൽ അൾത്താരയിൽ ബിഷപ്പിനു കുത്തേറ്റു
Tuesday, April 16, 2024 2:09 AM IST
സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നി നഗരത്തിൽ പള്ളിയിൽ പ്രസംഗിച്ചുകൊണ്ടിരുന്ന ബിഷപ്പിനെ അക്രമി കത്തിക്കു കുത്തി പരിക്കേൽപ്പിച്ചു. അസീറിയൻ ഓർത്തഡോക്സ് സഭാ മെത്രാൻ മാർ മാറി ഇമ്മാനുവേലാണ് ആക്രമിക്കപ്പെട്ടത്. മറ്റു മൂന്നു പേർക്കുകൂടി പരിക്കുണ്ട്. ആരുടെയും ജീവനു ഭീഷണിയില്ലെന്നാണു പ്രാഥമിക റിപ്പോർട്ട്.
ആക്രമണം നടത്തിയ പുരുഷനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സംഭവത്തിനു പിന്നാലെ ജനങ്ങൾ പോലീസുമായി ഏറ്റുമുട്ടി. സിഡ്നിയിൽ മൂന്നു ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ കത്തിയാക്രമണമാണിത്.
സിഡ്നിയുടെ പടിഞ്ഞാറൻ പ്രാന്തത്തിലെ വൈക്ലി പ്രദേശത്തു സ്ഥിതി ചെയ്യുന്ന ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേർഡ് പള്ളിയിൽ ഇന്നലെ വൈകുന്നേരം ഏഴിനായിരുന്നു സംഭവം. ബിഷപ് ബൈബിൾ ക്ലാസ് എടുത്തുകൊണ്ടിരിക്കേ അക്രമി അൾത്താരയിൽ കയറി ശിരസ്സിനു നേർക്ക് പലവട്ടം കുത്തുകയായിരുന്നു. അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. തത്സമയ സംപ്രേഷണത്തിലൂടെ പള്ളിക്കു പുറത്തുള്ള വിശ്വാസികളും ആക്രമണം നേരിട്ടു കണ്ടു.
ആക്രമണവാർത്ത പുറത്തുവന്നതോടെ പള്ളിക്കു സമീപം തടിച്ചുകൂടിയ നൂറുകണക്കിനു പേർ പോലീസുമായി ഏറ്റുമുട്ടി. സ്ഥലത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
ശനിയാഴ്ച സിഡ്നിയുടെ കിഴക്കൻ പ്രാന്തത്തിലെ ഷോപ്പിംഗ് മാളിലുണ്ടായ കത്തിയാക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടിരുന്നു. അക്രമിയെ പോലീസ് വെടിവച്ചുകൊന്നു.