യുദ്ധം ഏഴാം മാസത്തിലേക്ക് ; ഗാസയിൽ മരണം 33,137
Monday, April 8, 2024 2:48 AM IST
ഏഴാം മാസത്തിലേക്കു കടക്കുന്ന ഗാസ യുദ്ധം അവസാനിക്കുന്നതിന്റെ സൂചനകളൊന്നും ലഭ്യമല്ല. ആറു മാസത്തെ ഇസ്രേലി ആക്രമണത്തിൽ തകർന്നു തരിപ്പണമായ ഗാസ പട്ടിണിയുടെയും പകർച്ചവ്യാധിയുടെയും പിടിയിലേക്കു നീങ്ങുന്നു.
വേൾഡ് സെൻട്രൽ കിച്ചണിന്റെ ഏഴു പ്രവർത്തകർ ഇസ്രേലി ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ ഗാസയിലെ ഭക്ഷണവിതരണം അനിശ്ചിതത്വത്തിലാണ്. ഗാസ നിവാസികളിൽ ഭൂരിഭാഗവും അഭയാർഥികളായി. ഹമാസിനെ പൂർണമായി ഉന്മൂലനം ചെയ്യുകയെന്ന ഇസ്രേലി ലക്ഷ്യം ഇനിയും ഏറെ ദൂരെയാണ്. ജനങ്ങളുടെയും സന്നദ്ധപ്രവർത്തകരുടെയും സുരക്ഷ ഉറപ്പുവരുത്താത്തതിന്റെ പേരിൽ ഇസ്രയേലിനുമേൽ യുഎസും ബ്രിട്ടനും അടക്കമുള്ള സഖ്യകക്ഷികളിൽനിന്ന് സമ്മർദം ശക്തമാവുകയും ചെയ്യുന്നു.
ഒക്ടോബർ ഏഴിന് ഹമാസ്, ഇസ്ലാമിക് ജിഹാദ് ഭീകരർ അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തിനു മറുപടിയായി ഇസ്രേലി സേന നടത്തുന്ന നിർദാക്ഷിണ്യ യുദ്ധത്തിൽ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 33,137 ആയി. ഇതിൽ ഏതാണ്ട് എഴുപതു ശതമാനവും വനിതകളും കുട്ടികളുമാണെന്ന് ഹമാസിന്റെ ആരോഗ്യവകുപ്പ് പറയുന്നു. കൊല്ലപ്പെട്ടവരിൽ 12,000 പേർ ഭീകരരാണെന്നാണ് ഇസ്രയേലിന്റെ ആരോപണം.
അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രേലി നടപടികളിൽ 459 പലസ്തീനികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ 420 പേരും തീവ്രവാദികളാണെന്ന് ഇസ്രയേൽ പറയുന്നു.
ഇസ്രയേലിന്റെ ഭാഗത്തും നഷ്ടമുണ്ട്. ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിൽ തെക്കൻ ഇസ്രയേലിൽ 1,170 പേരാണു മരിച്ചത്. യുദ്ധത്തിൽ 600 സൈനികർ മരിച്ചതായി ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കിലെ അക്രമസംഭവങ്ങളിൽ പട്ടാളക്കാരും സിവിലിയന്മാരുമായി 17 ഇസ്രേലികൾ മരിച്ചു.
ലബനനിലെ ഹിസ്ബുള്ള ഭീകരർ വടക്കൻ ഇസ്രയേലിൽ നടത്തുന്ന ആക്രമണത്തിൽ എട്ട് സിവിലിയന്മാരും പത്തു സൈനികരും മരിച്ചു. ഇസ്രയേൽ ലബനനിൽ നടത്തിയ തിരിച്ചടിയിൽ 359 പേരാണു മരിച്ചത്. ലബനനിലെയും ഇസ്രയേലിലെയും അതിർത്തി പ്രദേശങ്ങളിൽനിന്ന് ആളുകൾ ഒഴിഞ്ഞുപോയിരിക്കുന്നു. സിറിയയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 23 ഹിസ്ബുള്ള ഭീകരരും കൊല്ലപ്പെട്ടു.
ഭീകരർ ഗാസയിലേക്കു തട്ടിക്കൊണ്ടുപോയ 250 പേരിൽ നൂറോളം പേർ നവംബറിലെ ഒരാഴ്ച നീണ്ട വെടിനിർത്തലിൽ മോചിതരായിരുന്നു. ഭീകരരുടെ കസ്റ്റഡിയിൽ അവശേഷിക്കുന്ന 129 പേരിൽ 34 പേർ മരണപ്പെട്ടിരിക്കാമെന്നാണ് അനുമാനം. 12 മൃതദേഹങ്ങൾ ഇസ്രയേൽ വീണ്ടെടുത്തിട്ടുണ്ട്.
ഹമാസ്-ഇസ്രയേൽ യുദ്ധം പശ്ചിമേഷ്യ മുഴുവൻ വ്യാപിക്കുമെന്ന ഭീതി ഇപ്പോഴും തുടരുന്നു. സിറിയൻ തലസ്ഥാനത്തെ നയതന്ത്ര കാര്യാലയത്തിൽ ഏഴ് വിപ്ലവഗാർഡ് ഓഫീസർമാർ കൊല്ലപ്പെട്ട ആക്രമണത്തിനു പ്രതികാരം ചെയ്യുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിട്ടുണ്ട്.