പലസ്തീനിൽ വെടിനിർത്തലിന് വഴിതെളിഞ്ഞേക്കും; കരട് കരാറായെന്ന് റിപ്പോർട്ട്
Monday, February 26, 2024 2:01 AM IST
ടെൽഅവീവ്: പലസ്തീനിൽ വെടിനിർത്തലിനു വഴിതെളിഞ്ഞേക്കുമെന്ന് റിപ്പോർട്ട്. ഇസ്രയേലും പലസ്തീനും ബന്ദികളാക്കിയവരെ കൈമാറുന്നതു സംബന്ധിച്ചും വെടിനിർത്തൽ സംബന്ധിച്ചും ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഇസ്രേലി മാധ്യമങ്ങൾ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച ഇസ്രയേലി യുദ്ധ കാബിനറ്റ് ചേർന്ന് വെടിനിർത്തൽ കരാർ ചർച്ച ചെയ്തു.
എന്നാൽ തീരുമാനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പൊന്നും ഉണ്ടായിട്ടില്ല. കരാറിന് രൂപമായെന്നും കൂടുതൽ ചർച്ചകൾക്കായി പ്രതിനിധി സംഘത്തെ ഖത്തറിലേക്ക് ഇസ്രയേൽ അയയ്ക്കുമെന്നും മാധ്യമങ്ങൾ പറയുന്നു. ഇസ്രയേൽ തടവിലാക്കിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 300 പലസ്തീനികളെയും പലസ്തീൻ തടവിലാക്കിയ 40 ഇസ്രയേലികളെയും വിട്ടയയ്ക്കുന്നതുൾപ്പെടെ അടങ്ങുന്നതാണ് കരട് വെടിനിർത്തൽ കരാറെന്ന് മാധ്യസ്ഥ്യം വഹിക്കുന്ന ഈജിപ്തിൽനിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥൻ ശനിയാഴ്ച പറഞ്ഞു.
ആറാഴ്ചത്തേക്കു യുദ്ധം നിർത്തിവയ്ക്കുക, ഗാസയിലേക്ക് സഹായമെത്തിക്കാൻ ദിവസവും നൂറിലേറെ ട്രക്കുകളെ അനുവദിക്കുക തുടങ്ങിയ വ്യവസ്ഥകളും കരാറിന്റെ ഭാഗമാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. താൽക്കാലികമായി യുദ്ധം നിർത്തിവയ്ക്കുന്ന വേളയിൽ കൂടുതൽ ബന്ദികളുടെ മോചനത്തിനും ശാശ്വത വെടിനിർത്തലിനുമായി ചർച്ചകൾ നടത്താൻ ഇരുപക്ഷവും സമ്മതിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, യുദ്ധ കാബിനറ്റ് ചർച്ച നടത്തിയത് സംബന്ധിച്ചോ മാധ്യമ റിപ്പോർട്ടുകളെക്കുറിച്ചോ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല. യുദ്ധം അവസാനിപ്പിച്ച് തങ്ങളുടെ പ്രദേശത്തുനിന്നു സൈന്യത്തെ പിൻവലിക്കുകയും തടവിലാക്കിയ പലസ്തീനികളെ വിട്ടയയ്ക്കുകയും ചെയ്യാതെ ശേഷിക്കുന്ന ബന്ദികളെ വിട്ടയക്കില്ലെന്നാണു ഹമാസ് നിലപാട്.
എന്നാൽ നെതന്യാഹു ഇത് നിരസിച്ചു. സമ്പൂർണ വിജയംവരെ യുദ്ധം അവസാനിപ്പിക്കില്ലെന്നാണു നെതന്യാഹുവിന്റെ പ്രഖ്യാപനമെങ്കിലും ഇസ്രയേലിൽ ബന്ദികളുടെ മോചനത്തിനു സമ്മർദമേറുകയാണ്.