അഭയാർഥി ക്യാമ്പിനു നേരേ ഇസ്രേലി വ്യോമാക്രമണം; 17 പേർ കൊല്ലപ്പെട്ടു
Thursday, February 22, 2024 10:55 PM IST
ഗാസ: പലസ്തീൻ അഭയാർഥി ക്യാമ്പിനു നേരേ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം. 17 പലസ്തീനികൾ കൊല്ലപ്പെട്ടു. 34 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മധ്യ, തെക്കൻ ഗാസയിൽ കഴിഞ്ഞ ദിവസം ഇസ്രയേലി സേന നടത്തിയ ആക്രമണത്തിൽ ആകെ 48 പേരാണ് കൊല്ലപ്പെട്ടത്.
ഇതോടെ ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 29,400 ആയി. പരിക്കേറ്റവരുടെ എണ്ണം 69,333 ആയി ഉയർന്നതായും ഹമാസ് ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു.
മധ്യ ഗാസ മുനമ്പിലെ നുസ്രത് അഭയാർഥി ക്യാമ്പിനു നേർക്കായിരുന്നു വ്യാഴാഴ്ച ആക്രമണം നടത്തിയത്. മരിച്ചവരിൽ സ്ത്രീകളും കുട്ടികളുമുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ ദെയ്ർ അൽബലാഹ് നഗരത്തിലെ അൽഅഖ്സ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഭയാർഥികൾ താമസിക്കുന്ന വീടിനു നേരേ നിരവധി മിസൈലുകളാണ് ഇസ്രയേൽ തൊടുത്തതെന്ന് സിൻഹുവ റിപ്പോർട്ട് ചെയ്തു. വൻ സ്ഫോടനത്തിൽ കെട്ടിടം നിലംപൊത്തുകയും സമീപത്തുള്ള വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
ഗാസയിൽ വിമാനമാർഗം സഹായമെത്തിച്ചു
ജറൂസലെം: യുകെയിൽനിന്നു വിമാനമാർഗം ഗാസയിൽ അവശ്യസാധനങ്ങളെത്തിച്ചു. മരുന്നുകളും ഭക്ഷണവും ഇന്ധനവും ഉൾപ്പെടെ നാലു ടണ്‍ അവശ്യവസ്തുക്കളാണ് ജോർദാനിയൻ യുദ്ധവിമാനത്തിലെത്തിച്ചത്. അവശ്യവസ്തുക്കൾ പാരഷൂട്ടിൽ താഴെയിറക്കി. ഇതിനു മുന്‍പ് കര, കടൽ മാർഗമായിരുന്നു ഗാസയിൽ സഹായമെത്തിച്ചിരുന്നത്.