പ്രബോവോ സുബിയാന്റോ ഇന്തോനേഷ്യൻ പ്രസിഡന്റ്
Thursday, February 15, 2024 12:07 AM IST
ജക്കാർത്ത: ഇന്തോനേഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രതിരോധമന്ത്രി പ്രബോവോ സുബിയാന്റോ ജയത്തിലേക്ക്. അതിവേഗ വോട്ടെണ്ണലിൽ വ്യക്തമായ ലീഡ് ലഭിച്ച അദ്ദേഹം വിജയം അവകാശപ്പെട്ടു.
പ്രസിഡന്റ് ജോക്കോ വിഡോഡോയുടെ പിന്തുണയോടെ മത്സരിച്ച പ്രബോവോയ്ക്ക് അന്പതു ശതമാനത്തിലധികം വോട്ടുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. ജക്കാർത്തയിലെ മുൻ ഗവർണർ അനീസ് ബസ്വേഡൻ, സെൻട്രൽ ജാവയിലെ മുൻ ഗവർണർ ഗഞ്ചാർ പ്രണോവോ എന്നിവരായിരുന്നു എതിർ സ്ഥാനാർഥികൾ. ഭരണകക്ഷിയായ ഇന്തോനേഷ്യൻ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥികൂടിയായ പ്രണോവോയെ പിന്തുണയ്ക്കാൻ പ്രസിഡന്റ് വിഡോഡോ തയാറായിരുന്നില്ല.
കാൽനൂറ്റാണ്ട് മുന്പ് ഇന്തോനേഷ്യ ഏകാധിപത്യത്തിലായിരുന്ന കാലത്ത് സ്പെഷൽ ഫോഴ്സ് കമാൻഡറായിരുന്ന പ്രബോവോ സുബിയാന്റോ മനുഷ്യാവകാശലംഘനങ്ങളുടെ പേരിൽ ആരോപണം നേരിടുന്നുണ്ട്.
ഇന്തോനേഷ്യയുടെ സാന്പത്തിക വളർച്ചയിൽ നിർണായക പങ്കുവഹിച്ച ജോക്കോ വിഡോഡോയുടെ പിൻഗാമിയെന്ന് അവകാശപ്പെട്ടാണ് അദ്ദേഹം പ്രചാരണം നടത്തിയത്. വിഡോഡോയുടെ മകൻ ഗിബ്രാൻ ആണ് പ്രബോവോയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി.
ഒക്ടോബറിലാണ് പുതിയ പ്രസിഡന്റ് അധികാരമേൽക്കുന്നത്. 17,000 ദ്വീപുകളിലായി 27 കോടി ജനങ്ങൾ വസിക്കുന്ന ഇന്തോനേഷ്യ ജനസംഖ്യകൊണ്ട് ലോകത്തിലെ മൂന്നാമത്തെ വലിയ ജനാധിപത്യ രാജ്യമാണ്.
ബോട്ടിലും കുതിരവണ്ടിയിലും കാൽനടയായുമൊക്കെ ബാലറ്റ് പെട്ടികൾ എത്തിക്കേണ്ട രാജ്യത്തെ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗികഫലം വരാൻ ഒരു മാസമെങ്കിലും എടുക്കും. മുൻ തെരഞ്ഞെടുപ്പുകളിലെ അതിവേഗ വോട്ടെണ്ണലിൽ കൃത്യമായ ഫലം പ്രവചിക്കപ്പെട്ടിരുന്നു.
വിപുലമായ ആഭ്യന്തര വിപണി, പ്രകൃതിവിഭവങ്ങൾ, തെക്കുകിഴക്കനേഷ്യൽ രാജ്യങ്ങളിലുള്ള സ്വാധീനം മുതലായ കാരണങ്ങളാൽ ഇന്തോനേഷ്യയിലെ തെരഞ്ഞെടുപ്പിനെ അമേരിക്കയും ചൈനയും വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്.