ചാരഉപഗ്രഹം വൈറ്റ്ഹൗസും പെന്റഗണും പകർത്തിയെന്ന് ഉത്തരകൊറിയ
Wednesday, November 29, 2023 12:56 AM IST
പ്യോഗ്യാംഗ്: യുഎസ് ഭരണസിരാകേന്ദ്രമായ വൈറ്റ്ഹൗസിന്റെയും പ്രതിരോധ ആസ്ഥാനമായ പെന്റഗണിന്റെയും മറ്റു സൈനിക താവളങ്ങളുടെയും വിശദമായ ചിത്രങ്ങൾ തങ്ങളുടെ ചാരഉപഗ്രഹം പകർത്തിയതായി ഉത്തരകൊറിയ അവകാശപ്പെട്ടു.
മാലിംഗ്യോംഗ്-ഒന്ന് എന്ന ഉപഗ്രഹത്തിന്റെ വിക്ഷേപണം വിജയിച്ചതിൽ ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ ശാസ്ത്രജ്ഞന്മാർക്കു പ്രത്യേക വിരുന്നു നല്കി. വിരുന്നിനിടെ ഉപഗ്രഹം പകർത്തിയ ചിത്രങ്ങൾ കിം വിലയിരുത്തിയെന്നും ഉത്തരകൊറിയൻ വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ചിത്രങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
യുഎസ് നാവിക താവളങ്ങൾ, കപ്പൽനിർമാണശാല, വ്യോമതാവളം, വിമാനവാഹിനികൾ, ദക്ഷിണകൊറിയൻ സൈനിക താവളങ്ങൾ, ബ്രിട്ടീഷ് വിമാനവാഹിനി തുടങ്ങിയവയുടെ ചിത്രങ്ങൾ ഉപഗ്രഹം പകർത്തിയെന്നാണ് ഉത്തരകൊറിയ പറഞ്ഞത്.
ഉത്തരകൊറിയൻ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിയതായി ദക്ഷിണകൊറിയ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ചാരപ്രവർത്തനം നടത്താനുള്ള കഴിവ് ഉപഗ്രഹത്തിനുണ്ടോ എന്നത് ഉറപ്പായിട്ടില്ല. പലതവണ വിക്ഷേപണം പരാജയപ്പെട്ട ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നതിന് ഉത്തരകൊറിയയ്ക്കു റഷ്യയുടെ സഹായം ലഭിച്ചതായി പറയുന്നു.