ഛിന്നഗ്രഹത്തിൽനിന്നു നാസയുടെ പേടകം നാളെ ഭൂമിയിലെത്തും
Saturday, September 23, 2023 1:23 AM IST
വാഷിംഗ്ഡണ്‍ ഡിസി: ബഹിരാകാശത്തെ ഒരു ഛിന്നഗ്രഹത്തിൽനിന്ന് മണ്ണും കല്ലുമടങ്ങുന്ന സാന്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ പഠനങ്ങൾക്കായി ഭൂമിയിലെത്തിക്കാനുള്ള അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ബഹിരാകാശ ദൗത്യമായ ഓസിരിസ് റെക്സ് ഏഴ് വർഷത്തെ ഗവേഷണത്തിനൊടുവിൽ ഛിന്നഗ്രഹത്തിൽനിന്നു ശേഖരിച്ച വസ്തുക്കളുമായി നാളെ ഭൂമിയുടെ പരിസരത്തേക്ക് എത്തുമെന്ന് നാസ.
ബെന്നു എന്നു നാമകരണം ചെയ്ത ഛിന്നഗ്രഹത്തിൽനിന്നു ശേഖരിച്ച വസ്തുക്കൾ ഓസിരിസ് റെക്സിൽനിന്ന് ഉട്ടാ മരുഭൂമിയിൽ നിക്ഷേപിക്കുമെന്നാണ് നാസ നൽകുന്ന വിവരം.
1999ലാണ് ബെന്നുവിനെ നാസ കണ്ടെത്തിയത്. 2016ലാണ് ഛിന്നഗ്രഹത്തിൽനിന്ന് പദാർഥ ശേഖരണം ലക്ഷ്യമിട്ടുള്ള ദൗത്യം ആരംഭിച്ചത്. 2018ലാണ് പേടകം ബെന്നുവിലെത്തിയത്. രണ്ട് വർഷമാണ് പദാർഥ ശേഖരണത്തിനായി പേടകം ചെലവിട്ടത്.
നാസയുടെ ജോണ്സണ് സ്പേസ് സെന്ററിനു കീഴിലുള്ള ആസ്ട്രോമെറ്റീരിയൽസ് റിസർച്ച് ആൻഡ് എക്സ്പ്ലൊറേഷൻ സയൻസ് വിഭാഗത്തിലാകും ബെന്നുവിൽനിന്നെത്തിക്കുന്ന സാന്പിളുകളെക്കുറിച്ചുള്ള പഠനങ്ങളും വിലയിരുത്തലുകളും നടക്കുക. ബെന്നുവിലെ നൈറ്റിംഗേൽ എന്നു നാസ നാമകരണം നടത്തിയ പ്രദേശത്താണ് ഓസിരിസ് റെക്സ് ലാൻഡ് ചെയ്തത്. കോടിക്കണക്കിനു വർഷം മുന്‍പ് വലിയൊരു ഛിന്നഗ്രഹത്തിൽനിന്നു വേർപെട്ടതാണ് ബെന്നു എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.