സമാധാന കരാർ: ഇസ്രേലി ബന്ദികളെ ഹമാസ് ഇന്ന് കൈമാറും
Monday, October 13, 2025 1:42 AM IST
ടെൽ അവീവ്/കയ്റോ: പശ്ചിമേഷ്യ സമാധാന പുനഃസ്ഥാപനശ്രമങ്ങളിൽ ഇന്ന് സുപ്രധാന ദിവസം. വെടിനിർത്തൽ ധാരണ പ്രകാരം ഹമാസ് ഭീകരർ ഇന്ന് ഇസ്രേലി ബന്ദികളെ കൈമാറും.
ഈജിപ്തിലെ ഷാം എൽ ഷേഖിൽ നടക്കുന്ന ആഗോള ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെടിനിർത്തൽ കരാറിൽ ഔദ്യോഗികമായി ഒപ്പുവയ്ക്കുകയും ചെയ്യും.
ബന്ദികളെ കൈമാറാൻ ഇന്ന് ഉച്ചയ്ക്കു പന്ത്രണ്ടു മണി വരെയാണ് ഹമാസിന് സമയം അനുവദിച്ചിരിക്കുന്നത്. ഇന്നു രാവിലെതന്നെ ബന്ദികളെ മോചിപ്പിക്കാൻ തുടങ്ങുമെന്ന് ഹമാസ് അറിയിച്ചു.48 ഇസ്രേലി ബന്ദികളെയാണ് ഗാസയിൽനിന്നു വിട്ടുകിട്ടേണ്ടത്. ഇതിൽ 20 പേരെ ജീവനോടെയുള്ളൂ. 47 പേരെ 2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിൽ ഗാസയിലേക്കു തട്ടിക്കൊണ്ടുപോയതാണ്; ഒരാളെ 2014 ൽ ഹമാസ് പിടികൂടിയതും.
ഇസ്രേലി ജയിലുകളിലുള്ള 1972 പലസ്തീൻ തടവുകാരും ഇന്നു മോചിതരാകും. ഇതിൽ 250 പേർ ജീവപര്യന്തം തടവ് അനുഭവിക്കുന്നവരും 1,722 പേർ 2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനുശേഷം ഗാസയിൽനിന്ന് അറസ്റ്റിലായവരുമാണ്.
ഇന്ന് ഉച്ചയ്ക്കുശേഷം ഈജ്പിതിലെ ഷാം അൽ ഷേഖിൽ നടക്കുന്ന ഉച്ചകോടിക്ക് ട്രംപും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദെൽ ഫത്താ അൽ സിസിയും അധ്യക്ഷത വഹിക്കും.
ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് തുടങ്ങി ഇരുപതിലധികം രാജ്യങ്ങളിൽനിന്നുള്ള നേതാക്കളും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറ സും ഉച്ചകോടിയിൽ പങ്കെടുക്കും. ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിന്റെ സാന്നിധ്യം ഉണ്ടാകുമോ എന്നതിൽ വ്യക്തതയില്ല. ഹമാസ് നേതാക്കൾ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ട്രംപ് ഇസ്രയേൽ സന്ദർശിച്ചശേഷമായിരിക്കും ഈജിപ്തിലെത്തുക. നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തുന്ന ട്രംപ് തുടർന്ന് ഇസ്രേലി പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നുണ്ട്.ട്രംപിന്റെ മകൾ ഇവാങ്ക, ഇവാങ്കയുടെ ഭർത്താവ് ജാരദ് കുഷ്നർ, യുഎസിന്റെ പശ്ചിമേഷ്യാ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവർ ഇസ്രയേലിലുണ്ട്.
ഇതിനിടെ, വെടിനിർത്തൽ പ്രകാരം ഇസ്രേലി സേന പിന്മാറിയ ഗാസ പ്രദേശങ്ങളിലേക്കു പലസ്തീനി ജനതയുടെ മടക്കം ഇന്നലെയും തുടർന്നു. തെക്കൻ ഗാസയിൽനിന്നു വടക്കൻ ഗാസയിലേക്ക് അഞ്ചു ലക്ഷം പേർ മടങ്ങിയെത്തി. ഇസ്രേലി സേന പിന്മാറിയ മേഖലകളിൽ ഹമാസ് ആയിരക്കണക്കിനു പോരാളികളെ വിന്യസിക്കാൻ തുടങ്ങിയതായി റിപ്പോർട്ടുണ്ട്.