ജാഹ്നവിക്ക് നീതി ആവശ്യപ്പെട്ട് മാർച്ച്
Monday, September 18, 2023 1:09 AM IST
സിയാറ്റിൽ: പോലീസ് കാറിടിച്ചു മരിച്ച ഇന്ത്യൻ വിദ്യാർഥിനി ജാഹ്നവി കണ്ടൂല(23)യ്ക്കു നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് യുഎസിലെ ഇന്ത്യൻ വംശജർ സിയാറ്റിൽ നഗരമേയറെയും പോലീസനെയും കാണുകയും റാലി നടത്തുകയും ചെയ്തു. നൂറോളം പേരാണു സിയാറ്റിലിലെ ഡെന്നി പാർക്കിൽനിന്നു കാറപകടമുണ്ടായ സ്ഥലത്തേക്കു മാർച്ച് നടത്തിയത്.
ജാഹ്നവിയുടെ ജീവനു പോലീസ് ഡിപ്പാർട്ട്മെന്റിനേക്കാൾ വിലയുണ്ടെന്ന മുദ്രാവാക്യവും മുഴക്കി. മേയർ ബ്രൂസ് ഹാരെലും പോലീസ് മേധാവി അഡ്രിയാൻ ഡയറും ജാഹ്നവിയുടെ മരണത്തിൽ ദുഃഖം പ്രകടിപ്പിക്കുകയും കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കുമെന്ന ഉറപ്പു നല്കുകയും ചെയ്തു.
ജനുവരി 23നാണ് അതിവേഗത്തിലെത്തിയ പോലീസ് കാറിടിച്ചു വിദ്യാർഥിനി മരിച്ചത്. അപകടത്തിൽ പോലീസുകാർ ചിരിക്കുന്നതും വണ്ടിയോടിച്ച ഉദ്യോഗസ്ഥനെതിരേ അന്വേഷണം വേണ്ടിവരില്ലെന്നു പറയുന്നതുമായ കാമറാദൃശ്യങ്ങൾ കഴിഞ്ഞയാഴ്ച പുറത്തുവന്നതാണ് പ്രതിഷേധത്തിനു കാരണമായത്.