ലിബിയയിൽ 20,000 പേർ മരിച്ചിരിക്കാം: മേയർ
Friday, September 15, 2023 3:40 AM IST
ട്രിപ്പോളി: കൊടുങ്കാറ്റും വെള്ളപ്പൊക്കവും നേരിട്ട കിഴക്കൻ ലിബിയയിൽ 18,000 മുതൽ 20,000 വരെ പേർ മരിച്ചിരിക്കാമെന്ന് ഏറ്റവും കൂടുതൽ നാശം നേരിട്ട ഡെർന നഗരത്തിലെ മേയർ അബ്ദുൾറഹ്മാൻ അൽഗെയ്തി പറഞ്ഞു. പ്രളയത്തിൽ നശിച്ച ജില്ലകളുടെ കണക്കുവച്ചാണ് ഈ അനുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊടുങ്കാറ്റിനു പുറമേ നദിയിലെ അണക്കെട്ടുകൾ തകർന്നും കിഴക്കൻ ലിബിയയിൽ 5,500 പേർ മരിച്ചുവെന്നാണ് ഇന്നലെ വരെയുള്ള ഔദ്യോഗിക കണക്ക്. 9,000 പേരെ കാണാതായിട്ടുണ്ട്.
ഇതിനിടെ, കൊടുങ്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പു നല്കിയിരുന്നെങ്കിൽ വൻ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യുഎംഒ) അഭിപ്രായപ്പെട്ടു. വർഷങ്ങളായി ആഭ്യന്തരയുദ്ധം നേരിടുന്ന ലിബിയയിലെ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ തകരാറിലാണ്. ഇവ നവീകരിക്കുന്നതിന് ഐക്യരാഷ്ട്രസഭ സഹായം വാഗ്ദാനം ചെയ്തിരുന്നതാണ്.
മുന്നറിപ്പു നല്കി ആളുകളെ ഒഴിപ്പിച്ചു മാറ്റിയിരുന്നെങ്കിൽ വൻ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നു ഡബ്ല്യുഎംഒ സെക്രട്ടറി ജനറൽ പെറ്റേരി താലസ് പറഞ്ഞു. ഇതേസമയം, ലിബിയയിലെ രണ്ടു സർക്കാരുകളും ശത്രുത മാറ്റിവച്ച് രക്ഷാപ്രവർത്തനത്തിൽ സഹരിക്കാൻ തുടങ്ങിയെന്ന റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.