ബെൽഗരോദിൽ വീണ്ടും ആക്രമണം; 30 യുക്രെയ്ൻകാരെ വധിച്ചെന്നു റഷ്യ
Friday, June 2, 2023 1:06 AM IST
മോസ്കോ: അതിർത്തിപ്രദേശമായ ബെൽഗരോദിൽ ആക്രമണം നടത്തിയ യുക്രെയ്ൻ പോരാളികളെ തുരത്തിയതായി റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. മൂന്ന് ആക്രമണങ്ങളാണുണ്ടായത്. 30 യുക്രെയ്ൻ പോരാളികളെ വധിച്ചു. നാലു കവചിത വാഹനങ്ങൾ നശിപ്പിച്ചുവെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ എട്ടു പേർക്കു പരിക്കേറ്റതായി ബെൽഗരോദ് ഗവർണർ വയാച്ചസ്ലാവ് ഗ്ലാഡ്കോവ് അറിയിച്ചിരുന്നു. റോക്കറ്റാക്രമണം നേരിട്ട ഷെബിക്കിനോ പട്ടണത്തിൽ അഗ്നിബാധയുണ്ടായി.
അതിർത്തിയിലെ സംഭവവികാസങ്ങൾ അപ്പപ്പോൾ പ്രസിഡന്റ് പുടിനെ അറിയിക്കുന്നുണ്ടെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മോസ്കോയിൽ പറഞ്ഞു.
യുക്രെയ്നിലെ ഖാർക്കീവിനോടു ചേർന്ന ബെൽഗരോദിൽ ആക്രമണങ്ങൾ പതിവായിരിക്കുകയാണ്. യുക്രെയ്ൻ തീവ്രവാദികളാണ് ഇതിനു പിന്നിലെന്നു റഷ്യ ആരോപിക്കുന്നു. എന്നാൽ പുടിനെ എതിർക്കുന്ന റഷ്യൻ വിമതരാണിവരെന്നാണു യുക്രെയ്ന്റെ വാദം.
കീവിൽ റഷ്യൻ ആക്രമണം; മൂന്നു മരണം
യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ബുധനാഴ്ച രാത്രിയുണ്ടായ റഷ്യൻ മിസൈൽ - ഡ്രോൺ ആക്രമണങ്ങളിൽ പെൺകുട്ടിയും അമ്മയും അടക്കം മൂന്നു പേർ കൊല്ലപ്പെട്ടു. പത്തു പേർക്കു പരിക്കേറ്റിട്ടുണ്ട്. ആശുപത്രി, നഴ്സറി, പാർപ്പിടങ്ങൾ മുതലായവയ്ക്കു കേടുപാടുണ്ടായി. പത്തു മിസൈലുകൾ വെടിവച്ചിട്ടതായി യുക്രെയ്ൻ വ്യോമസേന അറിയിച്ചു.
മേയ് മുതൽ റഷ്യ കീവിൽ നടത്തുന്ന 18ാമത്തെ വ്യോമാക്രമണമാണിത്. യുക്രെയ്ൻ വ്യോമപ്രതിരോധ ആയുധങ്ങൾ പ്രയോഗിച്ചു തീർക്കാൻ ലക്ഷ്യമിട്ടാണു റഷ്യയുടെ ആക്രമണങ്ങളെന്നു നിരീക്ഷകർ പറയുന്നു.
യുക്രെയ്ൻ നാറ്റോഅംഗമാകും
യുക്രെയ്ൻ നാറ്റോയിൽ ചേരുന്നതു റഷ്യക്കു തടയാനാവില്ലെന്നു നാറ്റോ മേധാവി ജെൻസ് സ്റ്റോൾട്ടൻബർഗ്. യുക്രെയ്നെ ചേർക്കുന്നതിനെ അംഗരാജ്യങ്ങൾ പിന്തുണയ്ക്കുന്നു. റഷ്യക്ക് ഇതു മുടക്കാനാവില്ലെന്നു നോർവേയിൽ ചേർന്ന നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെ സ്റ്റോൾട്ടൻബർഗ് മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ഇതിനിടെ, മോൾഡോവയിൽ നടക്കുന്ന യൂറോപ്യൻ നേതൃത്വ ഉച്ചകോടിയിൽ പങ്കെടുത്ത യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി, യുക്രെയ്ന് നാറ്റോയിലും യൂറോപ്യൻ യൂണിയനിലും അംഗത്വം നല്കണമെന്നാവശ്യപ്പെട്ടു. യൂണിയനിൽ പ്രവേശിക്കാനുള്ള മോൾഡോവയുടെ ശ്രമങ്ങളെ യുക്രെയ്ൻ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, യുക്രെയ്നെ നാറ്റോയിൽ ചേർക്കുന്നതിൽ യുഎസും ജർമനിയും അടക്കം ചില അംഗരാജ്യങ്ങൾക്കു ഭിന്നാഭിപ്രായമാണുള്ളത്. യുദ്ധം നടക്കുന്ന സമയത്ത് യുക്രെയ്നെ ചേർക്കുന്നത് നാറ്റോയും റഷ്യയും തമ്മിൽ നേരിട്ട് ഏറ്റുമുട്ടലിനു വഴിയൊരുക്കുമെന്നു ലക്സംബെർഗ് അഭിപ്രായപ്പെട്ടു.