പക്ഷാഘാതം നേരിട്ടയാൾ നടന്നു
Friday, May 26, 2023 12:59 AM IST
ആംസ്റ്റർഡാം: അപകടത്തെത്തുടർന്ന് പക്ഷാഘാതം നേരിട്ടയാൾ 12 വർഷത്തിനുശേഷം നടന്നു. സ്വിസ് ഗവേഷകർ വികസിപ്പിച്ച, തലച്ചോറിനെയും സുഷു മ്ന നാഡിയെയും ബന്ധിപ്പിക്കുന്ന കംപ്യൂട്ടർ സംവിധാനമാണ് ഇതിനു സഹായിച്ചത്.
നെതർലാൻഡ് സ്വദേശി ഗെർട്ട് യാൻ ഒസ്കാൻ(40) 12 വർഷം മുന്പ് സൈക്കിൾ ചവിട്ടുന്നതിനിടെ അപകടത്തിൽപ്പെട്ടു കഴുത്തൊടിയുകയായിരുന്നു. സുഷുമ്നയ്ക്കുണ്ടായ തകരാറു മൂലം കാലുകൾ പൂർണമായും കൈകൾ ഭാഗികമായും തളർന്നു.
ഇനിയൊരിക്കലും നടക്കാനാവില്ല എന്നു വിചാരിച്ചിരിക്കുന്നതിനിടെയാണ് സ്വിറ്റ്സർലൻഡിലെ ഇപിഎഫ്എൽ യൂണിവേഴ്സിറ്റി ഗവേഷകർ നടത്തുന്ന പരീക്ഷണ പരിപാടിയിൽ ചേരുന്നത്. സുഷുമ്ന നാഡിയുടെ തകരാറുമൂലം ചലനശേഷി നഷ്ടപ്പെട്ടവരെ സഹായിക്കാനുള്ള പഠനങ്ങളാണ് ഇവർ നടത്തിയിരുന്നത്.
കാലുകളുടെ ചലനത്തിനായി തലച്ചോർ നല്കുന്ന സിഗ്നൽ സുഷുമ്നയിലെത്തിക്കുന്ന ‘ഡിജിറ്റൽ പാലം’ എന്നുവിളിക്കുന്ന സംവിധാനമാണ് ഒസ്കാൻ ഉപയോഗിക്കുന്നത്. തലയോട്ടിക്കുള്ളിലെ ഇംപ്ലാന്റുകളും ഉടുപ്പിൽ ഘടിപ്പിച്ചിരിക്കുന്ന കംപ്യൂട്ടറുമെല്ലാം സംവിധാനത്തിന്റെ ഭാഗമാണ്.
ക്രച്ചസിന്റെ സഹായത്തോടെ വലിയ ബുദ്ധിമുട്ടില്ലാതെ നടക്കാൻ ഒസ്കാനു കഴിയും. നേച്ചർ സയൻസ് മാഗസിനിലാണ് ഒസ്കാനെക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.