മോദി-ആൽബനീസ് കൂടിക്കാഴ്ച: ക്ഷേത്രങ്ങൾക്കു നേരേയുള്ള ആക്രമണത്തിൽ ആശങ്കയറിയിച്ച് മോദി
Thursday, May 25, 2023 1:07 AM IST
സിഡ്നി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്ട്രേലിയൻ പര്യടനത്തിന്റെ അവസാന ദിനമായ ഇന്നലെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായി കൂടിക്കാഴ്ച നടത്തി.
ഓസ്ട്രേലിയയിൽ ക്ഷേത്രങ്ങൾക്കു നേരേയുണ്ടായ ആക്രമണത്തിലും ഖലിസ്ഥാൻ വിഘടനവാദികളുടെ പ്രവർത്തനത്തിലും മോദി ആശങ്ക അറിയിച്ചു. ഇരുരാജ്യവും തമ്മിൽ ഈവർഷം അവസാനത്തോടെ ബൃഹത്തായ വ്യാപാരക്കരാറിൽ ഒപ്പുവയ്ക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
അനധികൃത കുടിയേറ്റം തടയുന്നതിനും വിദ്യാർഥികൾ, ഗവേഷകർ, വ്യവസായികൾ എന്നിവരുടെ കുടിയേറ്റം ഇരു രാജ്യത്തേക്കും സാധ്യമാക്കുന്നതിനുമായുള്ള കരാറിൽ ഇരുവരും ഒപ്പുവച്ചു. ധാതുസന്പത്തിലും പരന്പര്യേതര ഊർജമേഖലയിലും സഹകരണം വർധിപ്പിക്കാൻ ധാരണയായി. ഓസ്ട്രേലിയ-ഇന്ത്യ ഗ്രീൻ ഹൈഡ്രജൻ ടാസ്ക് ഫോഴ്സിന്റെ ധാരണാപത്രത്തിലും ഒപ്പുവച്ചു.
ഇന്ത്യ-ഓസ്ട്രേലിയ ഉഭയകക്ഷി ബന്ധം പരസ്പര ബഹുമാനത്തിലും വിശ്വാസ്യതയിലുമാണു നിലനിൽക്കുന്നതെന്ന് സംയുക്ത പത്രസമ്മേളനത്തിൽ മോദി പറഞ്ഞു. ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹം ഇരുരാജ്യങ്ങൾക്കുമിടയിലെ ജീവനുള്ള പാലമാണെന്നും മോദി പറഞ്ഞു.
ഓസ്ട്രേലിയയിൽ ക്ഷേത്രങ്ങൾ ആക്രമിക്കുന്നതിലുള്ള ആശങ്ക ആൽബനീസുമായി പങ്കുവച്ചതായി മോദി പറഞ്ഞു. "ഇന്ത്യ-ഓസ്ട്രേലിയ ബന്ധം ട്വന്റി-20 ക്രിക്കറ്റിനു സമാനമായി വളരെവേഗം വളരുകയാണ്. ആൽബനീസ് ഇന്ത്യ സന്ദർശിച്ച് രണ്ടു മാസത്തിനുള്ളിലാണ് താൻ ഓസ്ട്രേലിയ സന്ദർശിക്കുന്നത്. ഒരു വർഷത്തിനിടെ ആറു കൂടിക്കാഴ്ചകൾ നടത്തി.
ഇരുരാജ്യവും തമ്മിലുള്ള സൗഹൃദത്തെയാണ് ഇതു സൂചിപ്പിക്കുന്നത്’- മോദി കൂട്ടിച്ചേർത്തു. ഇന്ത്യ-ഓസ്ട്രേലിയ വ്യാപാരക്കരാർ ഈ വർഷത്തോടെ പൂർത്തിയാകുമെന്ന് ആൽബനീസ് സംയുക്ത പത്രസമ്മേളനത്തിൽ പറഞ്ഞു.