സാങ്കേതിക തകരാർ: ദക്ഷിണകൊറിയ ആദ്യ വാണിജ്യ ഉപഗ്രഹ വിക്ഷേപണം റദ്ദാക്കി
Thursday, May 25, 2023 1:07 AM IST
സിയൂൾ: സാങ്കേതിക തകരാർ കാരണം ദക്ഷിണകൊറിയ ആദ്യ വാണിജ്യ ഉപഗ്രഹത്തിന്റെ വിക്ഷേപണം റദ്ദാക്കി. എട്ട് ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ട് ദക്ഷിണകൊറിയയുടെ സ്വദേശീയമായ നൂറി ബഹിരാകാശ വിക്ഷേപണ വാഹനം വിക്ഷേപണത്തിനു രണ്ട് മണിക്കൂർ മുന്പാണ് റദ്ദാക്കൽ പ്രഖ്യാപിച്ചത്.
ലോഞ്ച് കണ്ട്രോൾ കംപ്യൂട്ടറും ലോഞ്ച് പാഡ് കണ്ട്രോൾ കംപ്യൂട്ടറും തമ്മിലുള്ള ആശയവിനിമയത്തിൽ അപാകത കണ്ടെത്തിയതിനെത്തുടർന്നാണു വിക്ഷേപണം റദ്ദാക്കിയതെന്നു മന്ത്രി ഓ ടെസിയോക് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സാങ്കേതിക തകരാർ പരിഹരിച്ചാൽ വിക്ഷേപണം പുനഃക്രമീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2022 ജൂണിൽ, ദക്ഷിണകൊറിയ ആഭ്യന്തരമായി നിർമിച്ച നൂറി റോക്കറ്റ് വിജയകരമായി വിക്ഷേപിക്കുകയും രണ്ടാമത്തെ പരീക്ഷണത്തിൽ പ്രവർത്തിക്കുന്ന ഡമ്മി ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുകയും ചെയ്തിരുന്നു.