സ്റ്റേഡിയത്തിൽ തിക്കും തിരക്കും; 12 മരണം
Monday, May 22, 2023 12:41 AM IST
സാൻ സാൽവദോർ: സെൻട്രൽ അമേരിക്കൻ രാജ്യമായ എൽ സാൽവദോറിലെ ഫുട്ബോൾ സ്റ്റേഡിയത്തിലുണ്ടായ തിരക്കിൽ 12 പേർ മരിച്ചു. അഞ്ഞൂറിലധികം പേർക്കു പരിക്കേറ്റു. തലസ്ഥാനമായ സാൻ സാൽവദോറിലെ കുസ്കാറ്റലാൻ സ്റ്റേഡിയത്തിലായിരുന്നു സംഭവം.
എൽ സാൽവദോറിലെ അലിയാൻസ ക്ലബും സാന്താ അനായിലെ ഫാസ് ക്ലബും തമ്മിലുള്ള മത്സരത്തിനിടെ കാണികൾ സ്റ്റേഡിയത്തിലേക്കു തള്ളിക്കയറാൻ ശ്രമിച്ചതാണു ദുരന്തത്തിനു കാരണം. വ്യാജ ടിക്കറ്റുകൾ എടുത്ത ധാരാളം പേർ കളി കാണാൻ എത്തിയിരുന്നുവെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മലവെള്ളപ്പാച്ചിൽപോലെയാണ് ആളുകൾ ഇരച്ചുകയറിയതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നു പ്രസിഡന്റ് നയിബ് ബുക്കേലെ അറിയിച്ചു.