ഫ്രാൻസിസ് മാർപാപ്പ കോംഗോയിൽ
Wednesday, February 1, 2023 12:44 AM IST
കിൻഷാസ: ഫ്രാൻസിസ് മാർപാപ്പ ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ അപ്പസ്തോലിക സന്ദർശനത്തിനെത്തി.
കോംഗോയുടെ തലസ്ഥാനമായ കിൻഷാസയിലെ അന്താരാഷ് ട്ര വിമാനത്താവളത്തിൽ പ്രാദേശികസമയം ഉച്ചകഴിഞ്ഞ് 2.33നാണ് (ഇന്ത്യൻ സമയം വൈകുന്നേരം 7.03ന്) മാർപാപ്പയുടെ വിമാനമിറങ്ങിയത്. ആയിരങ്ങളാണ് വിമാനത്താവളത്തിൽനിന്നു തലസ്ഥാനത്തേക്കുള്ള വീഥിക്കിരുപുറവും അദ്ദേഹത്തെ കാത്തുനിന്നത്.
ആഫ്രിക്കയിലേക്കു ഫ്രാൻസിസ് മാർപാപ്പ നടത്തുന്ന അഞ്ചാം അപ്പസ്തോലിക സന്ദർശനമാണിത്. ഫെബ്രുവരി മൂന്നു വരെ അദ്ദേഹം കോംഗോയിലുണ്ടാകും. അതിനുശേഷം സൗത്ത് സുഡാൻ സന്ദർശിക്കും. 2022 ജൂണിൽ മാർപാപ്പ കോംഗോ സന്ദർശിക്കാനിരുന്നതാണ്. മുട്ടുവേദനയെത്തുടർന്ന് സന്ദർശനം നീട്ടിവയ്ക്കുകയായിരുന്നു.
2015ൽ ഫ്രാൻസിസ് മാർപാപ്പ കെനിയയിലും ഉഗാണ്ടയിലും സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലും സർശനം നടത്തിയിരുന്നു.
2017ൽ ഈജിപ്തിലും 2019ൽ മൊറോക്കയിലും തുടർന്ന് മൊസാംബിക്, മഡഗാസ്കർ, മൗറീഷ്യസ് രാജ്യങ്ങളിലും സന്ദർശനം നടത്തി. കോംഗോയിലെ പത്തു കോടി ജനങ്ങളിൽ പകുതിയിലേറെപ്പേർ കത്തോലിക്കരാണ്. ആറായിരം വൈദികരും പതിനായിരം കന്യാസ്ത്രീകളും കോംഗോയിലുണ്ട്.
യാത്രതിരിക്കും മുന്പ് കോംഗോ, തെക്കൻ സുഡാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള അഭയാർഥികളുമായും കുടിയേറ്റക്കാരുമായും ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തി. വിദേശയാത്രകൾക്കുമുന്പു പതിവുള്ളപോലെ മാർപാപ്പ റോമിലെ പരിശുദ്ധ മറിയത്തിന്റെ വലിയപള്ളിയിലെത്തി യാത്ര മറിയത്തിന്റെ മാധ്യസ്ഥ്യത്തിനു സമർപ്പിച്ചു. എഴുപത് അംഗങ്ങളുള്ള അന്തർദേശീയ മാധ്യമസംഘവും മാർപാപ്പയെ അനുഗമിക്കുന്നുണ്ട്.