പാക്കിസ്ഥാനിൽ താലിബാന്റെ ചാവേർ ആക്രമണം; മൂന്നു പോലീസുകാർ കൊല്ലപ്പെട്ടു
Thursday, December 1, 2022 12:01 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ സുരക്ഷാസൈനികർ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ പാക്കിസ്ഥാൻ താലിബാൻ ചാവേർ നടത്തിയ ആക്രമണത്തിൽ മൂന്നു പോലീസുകാർ കൊല്ലപ്പെട്ടു. ഇരുപതിലേറെ പേർക്കു പരിക്കേറ്റു.
ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വെറ്റ ബലേലി മേഖലയിലായിരുന്നു ആക്രമണം. പരിക്കേറ്റവരിലേറെയും പോലീസുകാരാണ്. പോളിയോ വാക്സിനേഷൻ സംഘത്തിനു സുരക്ഷയൊരുക്കിയ പോലീസ് സംഘത്തിനു നേരേയായിരുന്നു ആക്രമണം.
25 കിലോയിലേറെ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചായിരുന്നു സ്ഫോടനം. മൂന്നു വാഹനങ്ങൾ സ്ഫോടനത്തിൽ തകർന്നു. നിരോധിത സംഘടനയായ തെഹ്റീക്-ഇ-താലിബാൻ(ടിടിപി) ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തു.
വെടിനിർത്തൽ അവസാനിപ്പിച്ചതായി രണ്ടു ദിവസം മുന്പ് ടിടിപി പ്രഖ്യാപിച്ചിരുന്നു. ടിടിപി നേതാവ് അബ്ദുൾ വാലി കൊല്ലപ്പെട്ടതിനു പ്രതികാരമാണ് ഇന്നലെത്തെ ആക്രമണം. ഓഗസ്റ്റിലാണ് അബ്ദുൾ വാലി കൊല്ലപ്പെട്ടത്.
ചാവേറിന്റെ ശരീരഭാഗങ്ങൾ സ്ഫോടനസ്ഥലത്തുനിന്നു കണ്ടെടുത്തു. പോലീസ് ട്രക്കിൽ ഓട്ടോ റിക്ഷ ഇടിച്ചുകയറ്റുകയായിരുന്നു.