ഇറാനിലെ സംഘർഷത്തിൽ അമേരിക്കയെ കുറ്റപ്പെടുത്തി ഖമനേയ്
Tuesday, October 4, 2022 12:21 AM IST
ദുബായ്: ഇറാനിൽ പോലീസ് കസ്റ്റഡയിൽ ഇരുപത്തിരണ്ടുകാരി മഹ്സ അമീനി കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ അമേരിക്കയെയും ഇസ്രയേലിനെയും കുറ്റപ്പെടുത്തി പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയ്.
ഇറാനിലെ കലാപത്തിൽ ആദ്യമായാണ് ഖമനേയ് പ്രതികരിക്കുന്നത്. കലാപം ആസൂത്രണം ചെയ്തത് അമേരിക്കയും ഇസ്രയേലുമാണ്. ഇറാനെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി കലാപം മുൻകൂട്ടി ആസൂത്രണം ചെയ്തതാണ്- ഖമനേയ് ടെഹ്റാനിൽ പറഞ്ഞു.
മഹ്സ അമിനിയുടെ മരണത്തെത്തുടർന്ന് ഇറാനിലുണ്ടായ പ്രക്ഷോഭത്തിൽ ആയിരങ്ങളാണ് അണിനിരന്നത്. മുടിമുറിച്ചും ഹിജാബ് ഊരിയെറിഞ്ഞും സ്ത്രീകൾ പ്രതിഷേധിച്ചു. 41 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ആംനസ്റ്റി ഇന്റർനാഷണൽ പറയുന്നത് 52 പേർ കൊല്ലപ്പെട്ടുവെന്നാണ്. ഇതിൽ അഞ്ചു സ്ത്രീകളും അഞ്ചു കുട്ടികളും ഉൾപ്പെടുന്നു. 1500 പേരെ പോലീസ് അറസ്റ്റ് ചെയ്തു.