ചൈനയിൽ നഴ്സറി സ്കൂളിൽ കത്തിയാക്രമണം; മൂന്നു മരണം
Wednesday, August 3, 2022 11:44 PM IST
ബെയ്ജിംഗ്: ചൈനയുടെ തെക്കൻ പ്രവിശ്യയായ ജ്യാംഗ്ഷിയിൽ നഴ്സറി സ്കൂളിൽ മുഖംമൂടി ധരിച്ച അക്രമിയുടെ കത്തിയാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ആറു പേർക്കു പരിക്കേറ്റു.
ലിയു മൊയ്ഹുയി എന്ന നാൽപ്പത്തിയെട്ടുകാരനാണ് ആക്രമണം നടത്തിയതെന്നു പോലീസ് പറഞ്ഞു. ഇയാൾ ഒളിവിലാണ്. കൊല്ലപ്പെട്ടവരുടെ വയസ് പുറത്തുവിട്ടിട്ടില്ല.
ആക്രമണത്തിനു പിന്നാലെ ചൈനയിലെ സ്കൂളുകളിൽ സുരക്ഷ വർധിപ്പിച്ചു. ചൈനയിൽ സ്വകാര്യവ്യക്തികൾക്ക് തോക്ക് കൈവശം വയ്ക്കാൻ ലൈസൻസ് അനുവദിക്കുന്നില്ല. ഇതിനാൽ, ആക്രമണങ്ങൾ ഏറെയും കത്തിയും ബോംബുകളുംകൊണ്ടാണ്.
പത്തുവർഷത്തിനിടെ നൂറോളം കുട്ടികളാണു സ്കൂളുകളിലെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.