ചാൾസ് രാജകുമാരന്റെ ചാരിറ്റി ഫണ്ട് ലാദൻകുടുംബത്തിന്റെ സംഭാവന സ്വീകരിച്ചതായി റിപ്പോർട്ട്
Monday, August 1, 2022 12:28 AM IST
ലണ്ടൻ: അൽക്വയ്ദ നേതാവ് ബിൽ ലാദന്റെ കുടുംബം നൽകിയ സംഭാവന ചാൾസ് രാജകുമാരാന്റെ ചാരിറ്റി ഫണ്ട് 2013 ൽ സ്വീകരിച്ചതായി യുകെ മാധ്യമം റിപ്പോർട്ട് ചെയ്തു. ലാദന്റെ അർധസഹോദരൻ ഷേക്ക് ബക്കർ ബിൻ ലാദനുമായി കൂടിക്കാഴ്ച നടത്തിയ ചാൾസ് രാജകുമാരൻ പത്തുലക്ഷം പൗണ്ട് സംഭാവനയായി സ്വീകരിച്ചതായി ‘ദ സൺഡേ ടൈംസ്’ ആണു റിപ്പോർട്ട് ചെയ്തത്.
പണം തിരിച്ചു നൽകണമെന്നു രാജകുടുംബവുമായി ബന്ധപ്പെട്ട ചിലർ ആവശ്യപ്പെട്ടെന്നും ഫണ്ട് സ്വീകരിച്ചതിൽ ചാൾസ് രാജകുമാരനു നേരിട്ട് ബന്ധമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ട്രസ്റ്റികളാണ് ഫണ്ട് സ്വീകരിച്ചതെന്നും ഫണ്ട് സ്വീകരിക്കുന്നതിൽ ദി പ്രിൻസ് ഓഫ് വെയിൽസ് ചാരിറ്റബിൾ ഫണ്ടിന് (പിഡബ്ല്യുസിഎഫ്) വീഴ്ച സംഭവിച്ചതായും ക്ലിയറൻസ് ഹൗസ് ഓഫീസ് വ്യക്തമാക്കി.
യുഎസിൽ 3,000 പേരുടെ മരണത്തിനിടയാക്കിയ 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ സൂത്രധാരനായിരുന്ന ഒസാമ ബിൻലാദൻ.
യുകെ, കോമൺവെൽത്ത് രാജ്യങ്ങൾ, മറ്റു രാജ്യങ്ങൾ എന്നിവിടങ്ങളിൽ സാമൂഹ്യസേവനങ്ങൾ നടത്താൻ 1979 ലാണു പിഡബ്ല്യുസിഎഫ് രൂപീകരിച്ചത്.