മുസ്ലിമായതിനാൽ മന്ത്രിസ്ഥാനത്തുനിന്ന് നീക്കി: യുകെ മുൻമന്ത്രി
Monday, January 24, 2022 1:14 AM IST
ലണ്ടൻ: മുസ്ലിമായതിനാലാണ് തന്നെ മന്ത്രിപദത്തിൽനിന്ന് നീക്കിയതെന്ന് കണ്സർവേറ്റീവ് എംപി നുസ്രത് ഘനി. എന്നാൽ, ഘനിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കണ്സർവേറ്റീവ് ചീഫ് വിപ്പ് മാർക്ക് സ്പെൻസർ പറഞ്ഞു.
വിഷയത്തിൽ ഘനിയുടെ വിശദീകരണം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്സൻ തേടിയിട്ടുണ്ടെന്നും ഘനി പരാതി നൽകിയിട്ടില്ലെന്നും പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. 2018 ആണ് ഘനിയെ ഗതാഗതമന്ത്രിയായി നിയമിച്ചത്. 2020 ഫെബ്രുവരിയിൽ ബോറിസ് ജോണ്സൻ മന്ത്രിസഭയിൽ അഴിച്ചുപണി നടത്തിയപ്പോൾ ഇവരുടെ മന്ത്രിസ്ഥാനം നഷ്ടമായി. ജനപ്രതിനിധി സഭയിൽ പ്രസംഗിക്കുന്ന ആദ്യ വനിതാ മുസ്ലിം മന്ത്രി ഘനിയാണ്.
മുസ്ലിമായതാണ് മന്ത്രിസ്ഥാനം നഷ്ടപ്പെടാൻ കാരണമെന്ന് കരുതുന്നതായി ഘനി പറഞ്ഞു. ഘനിയുടെ ആരോപണം പുറത്തുവന്നതോട, പിന്തുണയുമായി നിരവധിപേർ രംഗത്തെത്തി. സംഭവത്തിൽ ഘനി ഔദ്യോഗികമായി പരാതി നൽകണമെന്ന് നീതിന്യായ സെക്രട്ടറി ഡൊമിനിക് റാബ് ആവശ്യപ്പെട്ടു.