താലിബാനിൽ ഭിന്നതയില്ലെന്നു വീഡിയോ അഭിമുഖത്തിൽ ബറാദർ
Thursday, September 16, 2021 11:56 PM IST
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ രൂപീകരണത്തിന് തൊട്ടുമുന്പ് പൊതുവേദിയിൽനിന്ന് അപ്രത്യക്ഷനായ ഉപപ്രധാനമന്ത്രി മുല്ലാ അബ്ദുൾ ഗനി ബറാദറിന്റെ വീഡിയോ സന്ദേശം പുറത്തുവന്നു. താലിബാൻ നേതൃത്വത്തിൽ തമ്മിലടിയെന്ന റിപ്പോർട്ട് ദോഹയിലെ താലിബാൻ ഓഫീസിൽനിന്ന് ട്വിറ്ററിൽ പോസ്റ്റ്ചെയ്ത ലഘുവീഡിയോയിൽ ബറാദർ നിരാകരിച്ചു.
ബറാദറും ഹഖാനി ശൃംഖലയിലെ മുതിർന്ന നേതാവ് ഖലിൽ ഉർ റഹ്മാൻ ഹഖാനിയും തമ്മിൽ കാബൂളിലെ പ്രസിഡൻഷൽ പാലസിൽ രൂക്ഷമായ വാക്കേറ്റമുണ്ടായതായി താലിബാൻ വൃത്തങ്ങൾ പറഞ്ഞതായി ബിബിസി കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ, രാജ്യത്തിന്റെ ഭരണനേതൃത്വത്തിൽ ആഭ്യന്തരപ്രശ്നങ്ങളൊന്നുമില്ലെന്ന് അഭിമുഖത്തിന്റെ രൂപത്തിലുള്ള വീഡിയോയിൽ പറയുന്നു. പരിക്കേറ്റുവോ എന്ന ചോദ്യത്തിന്, ആരോഗ്യവാനാണ് എന്നായിരുന്നു പ്രതികരണം.
കാബൂളിനു പുറത്തായിരുന്നതിനാൽ ഇന്റർനെറ്റ് ലഭ്യമല്ലായിരുന്നു. വ്യാജവാർത്തകൾ നിഷേധിക്കാൻ കഴിയാത്തത് അതിനാലാണ്- ഒരു സോഫയിൽ ബറാദർ ഇരിക്കുന്ന രീതിയിലാണ് വീഡിയോ. ഭരണനേതൃത്വം പരസ്പരവിശ്വാസത്തിലാണെന്നും ഒരു കുടുംബത്തിലുള്ളതിനെക്കാൾ ഐക്യത്തോടെയാണ് നേതൃത്വം മുന്നോട്ടുപോകുന്നതെന്നും ബറാദർ അവകാശപ്പെട്ടു.
അതിനിടെ താലിബാൻ സർക്കാരിനെ അംഗീകരിക്കുന്നതിൽ ‘കാത്തിരുന്ന് കാണുക’ എന്ന പ്രധാനമന്ത്രി ഇമ്രാൻഖാന്റെ നിലപാടിനെ പാക്കിസ്ഥാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസഫ് വിമർശിച്ചു.
അഫ്ഗാനിസ്ഥാന്റെ സന്പദ്ഘടനയെ തകർക്കാനേ ഇത്തരം നിലപാടുകൊണ്ടു സാധിക്കൂ എന്ന് പറഞ്ഞ അദ്ദേഹം പാക്കിസ്ഥാന്റെ വലിയ പിഴവാണിതെന്നും കുറ്റപ്പെടുത്തി. കഴിഞ്ഞ മാസം അധികാരത്തിലെത്തിയ താലിബാൻ സർക്കാർ കഴിഞ്ഞദിവസമാണ് ഇടക്കാല സർക്കാർ രൂപീകരിച്ചത്.
അതേസമയം രാജ്യാന്തരസമൂഹത്തിനു താലിബാൻ നേതൃത്വം നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടുമോ എന്നതിൽ വ്യക്തതയുണ്ടായശേഷം അഫ്ഗാൻ സർക്കാരിനെ അംഗീകരിക്കാം എന്ന നിലപാടിലാണ് ഭൂരിഭാഗം രാജ്യങ്ങളും.