യഹൂദരോടുള്ള ശത്രുത അവസാനിപ്പിക്കണം: മാർപാപ്പ
Sunday, September 12, 2021 11:04 PM IST
ബുഡാപെസ്റ്റ്: യഹൂദവിരുദ്ധത യൂറോപ്പിനെ ഇപ്പോഴും വിട്ടിട്ടില്ലെന്നു ഫ്രാൻസിസ് മാർപാപ്പ. ഹംഗേറിയൻ പ്രധാനമന്ത്രി വിക്തോർ ഒർബാനുമായി കൂടിക്കാഴ്ച നടത്തിയശേഷം ക്രിസ്ത്യൻ- യഹൂദ നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
യഹൂദവിരുദ്ധതയും കുടിയേറ്റവിരുദ്ധതയും പുലർത്തുന്നയാളാണു വിക്തോർ ഒർബാൻ. ബുഡാപെസ്റ്റിലെ ഫൈൻആർട്സ് ഹാളിൽ അദ്ദേഹവുമായി നാല്പതു മിനിറ്റ് മാർപാപ്പ ചർച്ച നടത്തി. ഹംഗേറിയൻ പ്രസിഡന്റ് ജാനോസ് ആഡേറുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തി.
“നമ്മുടെ പിതാവായ അബ്രഹാമിന്റെ വിശ്വാസത്തിൽ പ്രിയ സഹോദരരേ” എന്നു വിളിച്ചാണു മാർപാപ്പ യഹൂദരെ അഭിസംബോധന ചെയ്തത്. യഹൂദരോടുള്ള വിദ്വേഷ നിലപാടു നീക്കാൻ ഒത്തൊരുമയോടെ സാഹോദര്യം പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം ക്രൈസ്തവരോടും യഹൂദരോടും ആഹ്വാനം ചെയ്തു.
ഹംഗറിയിലെ മെത്രാന്മാരുമായും ഇതര ക്രൈസ്തവസഭാ നേതാക്കളുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തി. ഏഴു മണിക്കൂർ നീണ്ട ഹംഗേറിയൻ സന്ദർശനത്തിനുശേഷം അദ്ദേഹം അയൽരാജ്യമായ സ്ലൊവാക്യയിലേക്കു പോയി. ഹംഗേറിയൻ നേതാക്കൾ മാർപാപ്പയ്ക്ക് ഊഷ്മള സ്വീകരണമാണു നല്കിയതെന്നു വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.
സ്ലൊവാക്യൻ തലസ്ഥാനമായ ബ്രാറ്റിസ്ലാവയിൽ വിമാനമിറങ്ങിയ മാർപാപ്പ എക്യുമെനിക്കൽ സമ്മേളനത്തിൽ പങ്കെടുത്തു. ഇന്ന് പ്രസിഡന്റ് സുസാന കാപുറ്റോവയുമായി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ചവരെ സ്ലൊവാക്യയുടെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുന്ന മാർപാപ്പ ബിഷപ്പുമാരുമായും യഹൂദ നേതാക്കളുമായും ചർച്ച നടത്തും.