ഈസ്റ്റർദിന സ്ഫോടനങ്ങൾ: ശ്രീലങ്കൻ എംപി 90 ദിവസം കസ്റ്റഡിയിൽ
Wednesday, April 28, 2021 12:30 AM IST
കൊളംബോ: ഈസ്റ്റർദിന സ്ഫോടനപരന്പരക്കേസിൽ അറസ്റ്റിലായ പാർലമെന്റ് അംഗം റിഷാദ് ബതിയുദ്ദീനും സഹോദരൻ റിയാജ് ബതിയുദ്ദീനും ഭീകരവിരുദ്ധനിയമത്തിന്റെ അടിസ്ഥാനത്തിൽ തൊണ്ണൂറു ദിവസം കസ്റ്റഡിയിൽ തുടരുമെന്നു ശ്രീലങ്കൻ പോലീസ് അറിയിച്ചു. ഓൾ സിലോൺ മക്കൾ പാർട്ടി നേതാവുകൂടിയായ റിഷാദിനെയും സഹോദരനെയും 24നാണ് അറസ്റ്റ് ചെയ്തത്.
സ്ഫോടനം നടത്തിയ ചാവേറുകൾക്ക് ഇവർ സഹായം നല്കിയെന്നാണ് ആരോപിക്കപ്പെടുന്നത്. ഇവരുടെ സാന്പത്തിക ഇടപാടുകളടക്കം പരിശോധിച്ചപ്പോൾ ഇക്കാര്യം വ്യക്തമായതായി പോലീസ് വക്താവ് അജിത് രൊഹാന പറഞ്ഞു.
അതേസമയം, അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നു റിഷാദിന്റെ അഭിഭാഷകർ പറഞ്ഞു.