മതനിന്ദാക്കുറ്റം: അഞ്ചു വർഷത്തിനുശേഷം ജാമ്യം
Wednesday, March 3, 2021 12:03 AM IST
ലാഹോർ: പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാനിയമം ചുമത്തപ്പെട്ട് അറസ്റ്റിലായ ക്രൈസ്തവ വിശ്വാസിക്കു ലാഹോർ ഹൈക്കോടതി അഞ്ചു വർഷത്തിനുശേഷം ജാമ്യം അനുവദിച്ചു.
ലാഹോറിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള കസൂർ സിറ്റി സ്വദേശി നബീൽ മസീഹിനെ 2016ൽ പതിനാറു വയസുള്ളപ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്. മതത്തെ നിന്ദിക്കുന്ന പോസ്റ്റ് വാട്ട്സാപ് ഗ്രൂപ്പിൽ പങ്കുവച്ചു എന്നാരോപിച്ച് മറ്റൊരാൾ നല്കിയ പരാതിയിലായിരുന്നു നടപടി.
പോസ്റ്റിന്റെ ഉറവിടം നബീൽ അല്ലെന്നു ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. പ്രദേശത്തെ മതനേതാക്കളുടെ സമ്മർദത്തിനു വഴങ്ങി എടുത്ത കേസാണിത്. അറസ്റ്റിലാകുന്പോൾ നബീലിനു പ്രായപൂർത്തി ആയിരുന്നില്ല. മതനിന്ദാക്കുറ്റത്തിന്റെ പേരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്പോൾ പാലിക്കേണ്ട നടപടികൾ പോലീസ് ചെയ്തില്ല. ഒരു കാരണവുമില്ലാതെ കേസും വിചാരണയും നീട്ടുന്നതു മൂലം നബീൽ വർഷങ്ങളായി ജയിലിൽ ദുരിതമനുഭവിക്കുകയാണെന്നും അഭിഭാഷകൻ പറഞ്ഞു.