ഫുക്കുഷിമയിലെ ആണവ മലിനജലം കടലിൽ തള്ളിയേക്കും
Saturday, October 17, 2020 12:04 AM IST
ടോക്കിയോ: 2011-ലെ സുനാമിദുരന്തത്തിൽ തകർന്ന ഫുക്കുഷിമ അണുശക്തി നിലയത്തിലെ റേഡിയോ ആക്ടീവ് കണങ്ങൾ അടങ്ങിയ ജലം കടലിലൊഴുക്കാൻ ജാപ്പനീസ് സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്.
നിലയം ശീതീകരിക്കാൻ ഉപയോഗിച്ച ജലം വലിയ ടാങ്കുകളിലായി സൂക്ഷിച്ചിരിക്കുകയാണ്. ജലത്തിന്റെ മൊത്തം ഭാരം പത്തു ലക്ഷം ടണ്ണിലധികം വരും. മഴവെള്ളം ഒലിച്ചിറങ്ങുന്നതിനാൽ ടാങ്കുകൾ വൈകാതെ നിറയും. 2022 ന്റെ തുടക്കത്തിൽ ജലം ഒഴുക്കിക്കളയുമെന്നു ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സങ്കീർണമായ രാസപ്രക്രിയയിലൂടെ ജലത്തിലെ റേഡിയോ ആക്ടീവ് ഘടകങ്ങൾ ഒട്ടുമുക്കാലും നീക്കിയിട്ടുണ്ട്. എന്നാൽ ട്രിറ്റിയം എന്ന ഐസോടോപ്പ് നീക്കാനായിട്ടില്ല. അതിനാൽ പരിസ്ഥിതിവാദികളും മീൻപിടിത്തക്കാരും ഇതിനെതിരേ രംഗത്തുവന്നിട്ടുണ്ട്. അതേസമയം, അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് വ്യവസായവകുപ്പ് മന്ത്രി ഹിരോഷി കാജിയാമ പറഞ്ഞു.
2011 മാർച്ച് 11ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 9.0 തീവ്രത രേഖപ്പെടുത്തിയ അതിശക്ത ഭൂകന്പത്തെ തുടർന്നുണ്ടായ സുനാമി ആക്രമണത്തിലാണു ഫുക്കുഷിമ നിലയത്തിനു കേടുപാടുണ്ടായത്. നിലയത്തിലെ ശീതീകരണ സംവിധാനം തകർന്നതോടെ അണുവികിരണ ശേഷിയുള്ള പദാർഥങ്ങൾ പുറത്തേക്കു പരന്നു. റഷ്യയിലെ ചെർണോബിൽ ദുരന്തത്തിനു ശേഷമുള്ള ഏറ്റവും വലിയ ആണവദുരന്തമായിരുന്നിത്.
ഭൂകന്പത്തിലും സുനാമിയിലും 18,500 പേർ മരിച്ചു.