അർമേനിയ-അസർബൈജാൻ പോരാട്ടം രൂക്ഷം
Monday, September 28, 2020 11:18 PM IST
മോസ്കോ: നാഗോർണോ-കരാബാക് പ്രദേശത്തെച്ചൊല്ലി അർമേനിയയും അസർബൈജാനും തമ്മിൽ ഞായറാഴ്ച ആരംഭിച്ച യുദ്ധം ഇന്നലെ രൂക്ഷമായി.
അർമേനിയയുടെ 550 സൈനികരെ വധിച്ചെന്ന് അസർബൈജാൻ പ്രതിരോധമന്ത്രാലയം റഷ്യയിലെ ഇന്റർഫാക്സ് ന്യൂസ് ഏജൻസിയോടു പറഞ്ഞു. അർമേനിയ ഇതു നിഷേധിച്ചു. ഇരുന്നൂറിലധികം പേർക്കു പരിക്കേറ്റതായി അർമേനിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇതേസമയം, തങ്ങളുടെ 31 പട്ടാളക്കാർ കൊല്ലപ്പെട്ടതായി നാഗോർണോ-കരാബാക് വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. അസർബൈജാൻ പട്ടാളക്കാർ കൊല്ലപ്പെട്ടുകിടക്കുന്നതിന്റെ ദൃശ്യങ്ങളും ഇവർ പുറത്തുവിട്ടു.
ഇതിനിടെ, മേഖലയിലെ ശക്തികളായ റഷ്യയും തുർക്കിയും യുദ്ധത്തിൽ ഇടപെടുമോയെന്ന ആശങ്ക ഉടലെടുത്തിട്ടുണ്ട്. ക്രിസ്ത്യൻ രാജ്യമായ അർമേനിയയെ പിന്തുണയ്ക്കുന്ന റഷ്യക്ക് അവിടെ സൈനികതാവളമുണ്ട്. മുസ്ലിം ഭൂരിപക്ഷരാജ്യമായ അസർബൈജാനുള്ള പിന്തുണ തുർക്കി പ്രസിഡന്റ് എർദോഗൻ കഴിഞ്ഞദിവസം ആവർത്തിച്ചിരുന്നു.