മനുഷ്യമഹത്വം മാനിക്കണമെന്ന് മാർപാപ്പ
Friday, August 14, 2020 12:13 AM IST
വത്തിക്കാൻ സിറ്റി: കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഓരോ ക്രൈസ്തവനും മനുഷ്യമഹത്വത്തിനെതിരായ സകല വെല്ലുവിളികളെയും പ്രതിരോധിക്കണമെന്നു ഫ്രാൻസിസ് മാർപാപ്പ. അത്തരം വെല്ലുവിളികൾ സുവിശേഷമൂല്യങ്ങൾക്കെതിരാണ്. മനുഷ്യമഹാകുടുംബത്തിന്റെയും മനുഷ്യന്റെ പൊതുഭവനമായ ഭൂമിയുടെയും സുരക്ഷ ഓരോ ക്രൈസ്തവന്റെയും ചുമതലയാണ്-ബുധനാഴ്ച നടന്ന പൊതുദർശനവേളയിൽ സംസാരിക്കുകയായിരുന്നു ഫ്രാൻസിസ് മാർപാപ്പ.
സ്വജീവനെത്തന്നെ അപകടത്തിലാക്കിക്കൊണ്ട് സഹോദരരോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന ആരോഗ്യപ്രവർത്തകരെ അദ്ദേഹം ശ്ലാഘിച്ചു. കോവിഡിനേക്കാൾ ഗുരുതരമായ രോഗമാണ് മനുഷ്യമഹത്വം മറന്നുകൊണ്ടുള്ള വികലമായ മനുഷ്യദർശനം. ഉപയോഗിച്ചു വലിച്ചെറിയുന്ന സംസ്കാരം മനുഷ്യനെയും ഒരു ഉപഭോഗവസ്തുവായി തരംതാഴ്ത്തുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ദൈവത്തെ സ്രഷ്ടാവായി കാണാൻ വിശ്വാസികൾക്കു കഴിയും. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് വസ്തുക്കളായല്ല; സ്വന്തം ഛായയിലും സാദൃശ്യത്തിലുമാണ്. മനുഷ്യന്റെ മഹത്വം ഏറ്റവുമധികം മാനിച്ചത് യേശുക്രിസ്തുവാണെന്നും മാർപാപ്പ പറഞ്ഞു.