വുഡ്രോ വിൽസന്റെ പേര് ഒഴിവാക്കി പ്രിൻസ്റ്റൺ
Monday, June 29, 2020 12:32 AM IST
വാഷിംഗ്ടൺ ഡിസി: പ്രസിദ്ധമായ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ, മുൻ യുഎസ് പ്രസിഡന്റ് വുഡ്രോ വിൽസന്റെ പേരിലുള്ള കെട്ടിടങ്ങൾ പുനർനാമകരണം ചെയ്തു. ജോർജ് ഫ്ലോയ്ഡിന്റെ മരണത്തെ തുടർന്ന് യുഎസിലുടനീളം അലയടിക്കുന്ന വംശീയവിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണിത്.
യൂണിവേഴ്സിറ്റിയിലെ വുഡ്രോ വിൽസൺ സ്കൂൾ ഓഫ് പബ്ലിക് ആൻഡ് ഇന്റർനാഷണൽ അഫയേഴ്സ് ഇനിമുതൽ പ്രിൻസ്റ്റൺ സ്കൂൾ ഓഫ് പബ്ലിക് ആൻഡ് ഇന്റർനാഷണൽ അഫയേഴ്സ് എന്നായിരിക്കും അറിയപ്പെടുക. ഒരു റെസിഡന്റ് കോളജിൽനിന്നും വുഡ്രോ വിൽസന്റെ പേര് എടുത്തുകളഞ്ഞു.
1913 മുതൽ 21വരെയാണ് ഇദ്ദേഹം പ്രസിഡന്റായിരുന്നത്. ഐക്യരാഷ്ട്രസഭയുടെ മുൻഗാമിയായ ലീഗ് ഓഫ് നേഷൻസ് കെട്ടിപ്പടുക്കാൻ പ്രധാന പങ്കുവഹിച്ചിരുന്നു.
പക്ഷേ, നിരവധി മേഖലകളിൽ ഇദ്ദേഹം വർണവിവേചനം പ്രോത്സാഹിപ്പിച്ചിരുന്നു. പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി പ്രസിഡന്റായിരിക്കേ കറുത്ത വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.