മിഷേൽ മാർട്ടിൻ ഐറിഷ് പ്രധാനമന്ത്രി
Sunday, June 28, 2020 12:20 AM IST
ഡബ്ലിൻ: ഫിയാന ഫാൽ പാർട്ടി നേതാവ് മിഷേൽ മാർട്ടിൻ ഐറിഷ് പ്രധാനമന്ത്രിയാകും. ഫിയാന ഫാൽ, ഫിനെ ഗേൽ, ഗ്രീൻ പാർട്ടികളുടെ സഖ്യകക്ഷി സർക്കാരാണ് രൂപീകരിക്കുന്നത്. ഫെബ്രുവരിയിലായിരുന്നു പൊതു തെരഞ്ഞെടുപ്പ്. ആർക്കും ഭൂരിപക്ഷം ലഭിച്ചില്ല. കോവിഡ് ലോക്ക് ഡൗൺ മൂലം സർക്കാർ രൂപീകരണ ചർച്ചകൾ മാറ്റിവച്ചിരിക്കുകയായിരുന്നു.
നൂറു വർഷത്തിനടുത്ത് പഴക്കമുള്ള ഫിയാന ഫാലും ഫിനെ ഗേലും ഇതാദ്യമായാണ് സഖ്യകക്ഷി സർക്കാരുണ്ടാക്കുന്നത്. മിഷേൽ മാർട്ടിൻ ആദ്യ രണ്ടര വർഷം പ്രധാനമന്ത്രിയാകും. ഇപ്പോഴത്തെ പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഫിനെ ഗേൽ നേതാവ് ലിയോ വരാഡ്കർ തുടർന്ന് ഭരണമേൽക്കും.
ഫിയാന ഫാൽ പാർട്ടി നേതൃത്വം നൽകിയ മുൻ സർക്കാരിലെ ആരോഗ്യമന്ത്രിയായിരുന്ന മാർട്ടിൻ ആണ് ലോകത്ത് ആദ്യമായി തൊഴിലിടങ്ങളിൽ പുകവലി നിരോധനം ഏർപ്പെടുത്തിയത്. രാജ്യത്തെ സ്മോക്കിംഗ് പബ്ബുകൾക്കും നിയമം ബാധകമാക്കിയിരുന്നു. തുടക്കത്തിൽ പലരും എതിർത്തുവെങ്കിലും 2004 ൽ കൊണ്ടുവന്ന നിയമം പിന്നീട് പല യൂറോപ്യൻ രാജ്യങ്ങളും പിന്തുടരുകയായിരുന്നു.