ഇറാക്കിലെ യുഎസ് എംബസിക്കു സമീപം റോക്കറ്റുകൾ പതിച്ചു
Monday, February 17, 2020 12:30 AM IST
ബാഗ്ദാദ്: ഇറാക്ക് തലസ്ഥാനത്തെ യുഎസ് എംബസിക്കു സമീപം മൂന്നു കാത്യുഷ റോക്കറ്റുകൾ പതിച്ചു. നാശനഷ്ടമില്ല. ബാഗ്ദാദിലെ അതീവ സുരക്ഷാമേഖലയായ ഗ്രീൻസോണിൽ സ്ഥിതിചെയ്യുന്ന എംബസി പരിസരത്തെ യൂണിയൻ 3 സൈനികത്താവളം സ്ഥിതിചെയ്യുന്ന പ്രദേശത്താണു റോക്കറ്റുകൾ വീണത്.
ഐഎസിനെതിരേ പോരാടാൻ ഇറാക്കി സൈന്യത്തെ സഹായിക്കുന്നതിനു നിയുക്തമായ യുഎസ് സൈനികരുടെ ഹെഡ്ക്വാർട്ടേഴ്സ് ഇവിടെയാണ്. ആക്രമണത്തിനു പിന്നിൽ ഇറാൻ പിന്തുണയുള്ള സൈനിക ഘടകമാണെന്നു കരുതപ്പെടുന്നു.
ഒക്ടോബറിനുശേഷം യുഎസ് എംബസിയെ ലക്ഷ്യമിട്ടു നടത്തുന്ന പത്തൊന്പതാമത്തെ ആക്രമണമാണിത്. ജനുവരിയിൽ ബാഗ്ദാദ് വിമാനത്താവള പരിസരത്ത് യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇറാന്റെ ഖുദ്സ് ഫോഴ്സ് കമാൻഡർ ഖാസിം സുലൈമാനി കൊല്ലപ്പെടുകയുണ്ടായി. ഇതിനു പ്രതികാരമായി ഇറാക്കിലെ യുഎസ് സൈനികത്താവളത്തിനു നേർക്ക് ഇറാൻ ഒരു ഡസനിലധികം ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ നടത്തുകയുണ്ടായി.