ദക്ഷിണസുഡാനിൽ സംയുക്ത സന്ദർശനത്തിനു പദ്ധതിയുമായി മാർപാപ്പയും കാന്റർബറി ആർച്ച്ബിഷപ്പും
Thursday, November 14, 2019 11:21 PM IST
വത്തിക്കാൻ സിറ്റി: ദക്ഷിണസുഡാനിലെ രാഷ്ട്രീയ നേതാക്കൾ വൈരം തീർത്ത് സഖ്യസർക്കാർ രൂപീകരിച്ചാൽ മാർച്ച് മാസത്തിൽ അവിടെ സംയുക്ത സന്ദർശനത്തിനു പദ്ധതിയുമായി ഫ്രാൻസിസ് മാർപാപ്പയും ആംഗ്ലിക്കൻ സഭയുടെ പരമാധ്യക്ഷൻ കാന്റർബറി ആർച്ച്ബിഷപ് ജസ്റ്റിൻ വെൽബിയും. റവ. വെൽബി കഴിഞ്ഞദിവസം വത്തിക്കാൻ സന്ദർശിച്ച് ഫ്രാൻസിസ് മാർപാപ്പയുമായി നടത്തിയ ചർച്ചയിലാണ് ഈ ആശയം ഉടലെടുത്തത്.
പരസ്പരം വംശീയപോരാട്ടം നടത്തിയിരുന്ന ദക്ഷിണസുഡാൻ നേതാക്കളെ അനുരഞ്ജനത്തിനു പ്രേരിപ്പിക്കുന്നതിൽ മാർപാപ്പയും റവ. വെൽബിയും മുൻകൈയെടുത്തിരുന്നു. ഏപ്രിലിൽ ദക്ഷിണസുഡാൻ പ്രസിഡന്റ് സാൽവാ ഖീറും എതിരാളി റെയ്ക് മച്ചാറും വത്തിക്കാനിലെത്തി. അനുരഞ്ജനത്തിനു പ്രേരിപ്പിക്കാൻ മാർപാപ്പ ഇവരുടെ കാലിൽ വീണത് വലിയ വാർത്തയായിരുന്നു.
സഖ്യകക്ഷി സർക്കാർ രൂപീകരിക്കാൻ ഖീറും മച്ചാറും തമ്മിൽ ധാരണയായിട്ടുണ്ട്. എന്നാൽ, സുരക്ഷയടക്കമുള്ള കാരണങ്ങളാൽ സർക്കാർ രൂപീകരണം 100 ദിവസം കൂടി നീട്ടാൻ ഈ മാസമാദ്യം ഇരുവരും തീരുമാനിച്ചു. ഇതിനു പിന്നാലെ സുഡാൻ സന്ദർശിക്കുമെന്ന സൂചന മാർപാപ്പ നല്കിയിരുന്നു.
ഫെബ്രുവരിക്കകം സർക്കാർ രൂപീകരണം നടന്നേക്കുമെന്നാണു പ്രതീക്ഷ. ഇതു സാധ്യമായാൽ മാർച്ചിൽ മാർപാപ്പയുടെയും റവ. വെൽബിയുടെയും സന്ദർശനം ഉണ്ടായേക്കും.
റവ. വെൽബി ബുധനാഴ്ചയാണ് വത്തിക്കാനിലെത്തിയത്. റോമിലെ ആംഗ്ലിക്കൻ സെന്ററിന്റെ പുതിയ ഡയറക്ടർ ആർച്ച്ബിഷപ് ഇയാൻ ഏർണസ്റ്റും ഒപ്പമുണ്ടായിരുന്നു. ദക്ഷിണസുഡാനിലെ സ്ഥിതിവിശേഷം ദുഃഖകരമാണെന്ന് ഇരുവരും പറഞ്ഞതായി വത്തിക്കാൻ വൃത്തങ്ങൾ പ്രസ്താവനയിൽ അറിയിച്ചു.