മതനിന്ദ ചുമത്തി വധശിക്ഷ വിധിക്കപ്പെട്ട ക്രൈസ്തവ ദന്പതികൾ പാക് ജയിലിൽ
Thursday, May 16, 2019 12:00 AM IST
ഇസ്ലാമാബാദ്: ആസിയാ ബീബിയെപ്പോലെ മതനിന്ദക്കുറ്റത്തിനു വധശിക്ഷ വിധിക്കപ്പെട്ട ക്രി സ്തീയ ദന്പതികൾ പാക്കിസ്ഥാനിൽ നിയമയുദ്ധത്തിന്. ആസിയയ്ക്കുവേണ്ടി കോടതിയിൽ വാദിച്ച സൈഫുൾ മാലൂക്കാണ് ഷഗുഫ്ത കൗസറിനും ഭർത്താവ് ഷഫ്ഖത്ത് മസീഹിനും വേണ്ടി ഹാജരാകുക. നിരക്ഷരയാണു കൗസർ. അരയ്ക്കു കീഴെ തളർന്നയാളാണു മസീഹ്.
നിരക്ഷരയായ കൗസർ ഖുറാനും ഇസ്ലാമിനുമെതിരായ സന്ദേശങ്ങൾ മൊബൈലിൽനിന്നു ടെക്സ്റ്റ് മെസേജ് ആയി അയച്ചെന്നാണു കേസ്. വ്യാജ കേസാണിതെന്ന് അഭിഭാഷകൻ മാലൂക് പറയുന്നു.
കുട്ടികൾ തമ്മിലുള്ള വഴക്കിന്റെ പേരിൽ ചൊരുക്കുണ്ടായിരുന്ന മുഹമ്മദ് ഹുസൈൻ എന്നയാളാണ് ഇവർക്കെതിരേ മോസ്കിൽ പരാതി പറഞ്ഞത്. അതു കേസായി. 2014-ൽ ദന്പതികൾക്കു തോബാ തേക്സിംഗ് ജില്ലാ കോടതിയിലെ ജഡ്ജി മിയാൻ അമീർ ഹബീബ് വധശിക്ഷ വിധിച്ചു.
പഞ്ചാബിലെ ഗോജ്ര പട്ടണക്കാരാണ് ഇവർ. കൗസർ അവിടെ സെന്റ് ജോൺസ് ഗേൾസ് ഹൈസ്കൂളിൽ ആയയാണ്. ഇപ്പോൾ ഒൻപതു മുതൽ 15 വരെ വയസുള്ള നാലു കുട്ടികൾ ഇവർക്കുണ്ട്. ഭർതൃസഹോദരിയാണ് അവരെ നോക്കുന്നത്.
കൗസർ മുൾട്ടാനിൽ മുന്പ് ആസിയാ ബീബി കഴിഞ്ഞ ജയിലിലും ഭർത്താവ് മസീഹ് 240 കിലോമീറ്റർ അകലെ ഫൈസലാബാദ് ജയിലിലുമാണ്. അഞ്ചു കൊല്ലമായി പരസ്പരം കണ്ടിട്ട്.
ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യൻ അസോസിയേഷൻ (ബിപിസിഎ) ആണ് ഇവരുടെ വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്. പോലീസ് സമ്മർദം ചെലുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നു. കൗസറിന്റെ ഐഡന്റിറ്റി നന്പർ ഉപയോഗിച്ചു വ്യാജമായി സിം കാർഡ് വാങ്ങി ഒരു അയൽക്കാരനാണു കേസിനുകാരണമായ സന്ദേശങ്ങൾ അയച്ചതെന്നു പിന്നീട് അറിവായി.