സിപിഐ 25-ാം പാർട്ടി കോണ്‍ഗ്രസിന് നാളെ തുടക്കം
Saturday, September 20, 2025 12:43 AM IST
ന്യൂഡൽഹി: സിപിഐ 25-ാം പാർട്ടി കോണ്‍ഗ്രസിന് നാളെ തുടക്കം. പഞ്ചാബിലെ മൊഹാലിയിൽ വൻ പ്രകടനത്തോടെയാകും പാർട്ടി കോണ്‍ഗ്രസിന് തുടക്കം കുറിക്കുക.
ചണ്ഡിഗഡിലെ സുരവരം സുധാകർ റെഡ്ഢി നഗറിൽ തിങ്കളാഴ്ച നടക്കുന്ന പൊതുസമ്മേളനത്തിൽ സിപിഎം, സിപിഐ (എംഎൽ), ഫോർവേഡ് ബ്ലോക്ക്, ആർഎസ്പി എന്നീ ഇടത്പാർട്ടികളിലെ ദേശീയ നേതാക്കൾ പങ്കെടുക്കും.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നായി 800ലധികം പ്രതിനിധികളാണു പാർട്ടി കോണ്‍ഗ്രസിൽ പങ്കെടുക്കുക. സമാപനദിവസമായ വ്യാഴാഴ്ചയാണ് ദേശീയ കൗണ്‍സിൽ, ദേശീയ സെക്രട്ടേറിയറ്റ് തുടങ്ങിയ സമിതികളിലേക്കും ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പും നടക്കുക.
ഡി. രാജ പടിയിറങ്ങാൻ സാധ്യത
75 വയസ് പൂർത്തിയായ സാഹചര്യത്തിൽ ഡി. രാജ വീണ്ടും ജനറൽ സെക്രട്ടറിയാകില്ലെന്നാണു സൂചന. പകരം, ദേശീയ സെക്രട്ടേറിയറ്റ് അംഗവും എഐടിയുസി ജനറൽ സെക്രട്ടറിയുമായ അമർജീത് കൗർ, കേരള സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ആനി രാജ തുടങ്ങിവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്. 2019മുതൽ ഡി. രാജയാണു ജനറൽ സെക്രട്ടറി.