അമേരിക്കയിൽ ഇന്ത്യൻ ടെക്കി പോലീസിന്റെ വെടിയേറ്റു മരിച്ചു
Saturday, September 20, 2025 1:19 AM IST
ഹൈദരാബാദ്: അമേരിക്കയിലെ കലിഫോർണിയയിൽ ഇന്ത്യക്കാരനായ യുവാവ് പോലീസിന്റെ വെടിയേറ്റു മരിച്ചു. തെലുങ്കാന മെഹബുബ്നഗർ സ്വദേശി മുഹമ്മദ് നിസാമുദ്ദീൻ (30) ആണ് കൊല്ലപ്പെട്ടത്.
വംശീയ ആക്രമണമാണ് നടന്നതെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും മുഹമ്മദ് നിസാമുദ്ദീന്റെ കുടുംബം ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസം മൂന്നിന് സാന്താ ക്ലാരയിലെ വീട്ടിലായിരുന്നു സംഭവം. കൂടെ താമസിക്കുന്നയാളെ കുത്തിപ്പരിക്കേൽപ്പിച്ച നിസാമുദ്ദീനെ വെടിവച്ചുവീഴ്ത്തുകയായിരുന്നെന്നാണു പോലീസ് പറയുന്നത്.നിസാമുദ്ദീനും കൂടെ താമസിക്കുന്നയാളും തമ്മിൽ തർക്കമുണ്ടാകുകയും കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു.
കത്തിയുമായി നിൽക്കുന്ന നിസാമുദ്ദീനെ പോലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ ഇയാളെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫ്ളോറിഡയിലെ കോളജിൽ കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ നിസാമുദ്ദീൻ കലിഫോർണിയയിലെ സാന്താ ക്ലാരയിലെ ടെക് സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. നിസാമുദ്ദീൻ പരസ്യമായി വംശീയ അധിക്ഷേപത്തിനെതിരേ പരാതിപ്പെട്ടിരുന്നതായി കുടുംബം പറയുന്നു.