പ്രവര്‍ത്തനരഹിതമായ രാഷ്ട്രീയകക്ഷികളെ ഒഴിവാക്കുന്നു
Saturday, September 20, 2025 12:43 AM IST
ന്യൂഡല്‍ഹി: ആറുവര്‍ഷത്തിലേറെയായി തെരഞ്ഞെടുപ്പു പ്രക്രിയയില്‍ ഉള്‍പ്പെടെ സഹകരിക്കാത്ത രാഷ്ട്രീയകക്ഷികളുടെ അംഗീകാരം പിന്‍വലിക്കാനൊരുങ്ങി തെരഞ്ഞെടുപ്പു കമ്മീഷന്. ഇത്തരത്തിലുള്ള 808 രാഷ്ട്രീയകക്ഷികളാണു കമ്മീഷന്റെ നടപടിക്കു വിധേയരാകുന്നത്.
പ്രവര്‍ത്തനരഹിതമായ കക്ഷികളെ നീക്കം ചെയ്യുന്ന നടപടിക്കു കഴിഞ്ഞ ജൂണിലാണു തെരഞ്ഞെടുപ്പ് കമ്മീഷന് തുടക്കംകുറിച്ചത്. 334 കക്ഷികളെ ഇതിന്റെ ഭാഗമായി രജിസ്ട്രേഡ് പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. രണ്ടാംഘട്ടത്തില്‍ 474 കക്ഷികളെക്കൂടി പട്ടികയില്‍ നിന്ന് ഒഴിവാക്കി.
ഇതോടെ 808 രാഷ് ട്രീയപാർട്ടികളാണ് രണ്ടുമാസത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ അഭിമുഖീകരിച്ചത്. രണ്ടാംഘട്ടത്തില്‍ യുപിയില്‍ മാത്രം 212 പാര്‍ട്ടികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. മഹാരാഷ് ട്ര (44), തമിഴ്നാട് (42) ഡല്‍ഹി (40), പഞ്ചാബ് (21) മധ്യപ്രദേശ് (23) ബിഹാര്‍ (15) രാജസ്ഥാന് (17) ആന്ധ്രപ്രദേശ് (17) എന്നിങ്ങനെയാണ് നടപടി നേരിടുന്ന കക്ഷികളുടെ എണ്ണം.
വരവു-ചെലവു കണക്കുകള്‍ ബോധിപ്പിക്കാത്ത കക്ഷികള്‍ക്കെതിരേയും നടപടി ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി 23 സംസ്ഥാനങ്ങളിലെ 359 രാഷ് ട്രീയകക്ഷികള്ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനൊരുങ്ങുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്.
1951 ലെ ജനപ്രാതിനിധ്യം 29 എ അനുസരിച്ചാണ് രാഷ് ട്രീയകക്ഷികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകുന്നത്. തെരഞ്ഞെടുപ്പ് ചിഹ്നം, നികുതി ഇളവ് ഉള്‍പ്പെടെ ആനുകൂല്യങ്ങൾ ഇതുവഴി പാർട്ടികൾക്കു ലഭിക്കും. ആറ് വര്‍ഷത്തിലേറെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലെങ്കില്‍ അംഗീകാരം റദ്ദാക്കും എന്നതുള്‍പ്പെടെ വ്യവസ്ഥകളോടെയാണ് അംഗീകാരം ലഭിക്കുക.