നിയമസഭാ കൈയാങ്കളി: വനിതാ എംഎൽഎമാരെ ആക്രമിച്ച കേസിൽ പ്രത്യേക എഫ്ഐആർ
Tuesday, September 26, 2023 6:57 AM IST
തിരുവനന്തപുരം: മുൻ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിലുണ്ടായ കൈയാങ്കളിക്കിടെ ഇടതു വനിതാ എംഎൽഎമാരെ ആക്രമിച്ച സംഭവത്തിൽ പോലീസ് പ്രത്യേക എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് സർക്കാർ അഭിഭാഷകൻ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു.
ഇതേസമയം, നിയമസഭാ കൈയാങ്കളി കേസിൽ ക്രൈംബ്രാഞ്ച് നടത്തിയ തുടരന്വേഷണം അവസാനിപ്പിച്ചു. പുതിയ തെളിവുകളൊന്നും ലഭിച്ചില്ലെന്ന് ക്രൈംബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഇതിനാൽ നേരത്തേ സമർപ്പിച്ച കുറ്റപത്രമനുസരിച്ചു വിചാരണ നടത്തും. 81 ദിവസം കൊണ്ടാണ് അന്വേഷണം പൂർത്തിയാക്കിയത്. തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി കേസ് അടുത്ത മാസം ഒന്പതിനു പരിഗണിക്കും.
കേസിൽ നേരത്തേ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. കോണ്ഗ്രസ് എംഎൽഎമാർ തങ്ങളെ ആക്രമിച്ചതായി എൽഡിഎഫ് വനിതാ എംഎൽഎമാർ പരാതി നൽകിയതിനെത്തുടർന്നാണ് കേസിൽ തുടരന്വേഷണം നടത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടത്.
അന്വേഷണത്തിന് കോടതി മൂന്നുമാസത്തെ സമയം അനുവദിച്ചു. അക്രമം നടന്ന സമയത്ത് അന്നത്തെ ഭരണപക്ഷമായ കോണ്ഗ്രസ് എംഎൽഎമാർ, എൽഡിഎഫ് വനിതാ എംഎൽഎമാരെ ആക്രമിച്ചതായി സാക്ഷിമൊഴികളിൽ നിന്നും വ്യക്തമായതായി പോലീസ് റിപ്പോർട്ടിൽ പറയുന്നു.
വനിതാ സാമാജികർ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് എൽഡിഎഫ് സാമാജികർ പ്രകോപിതരായി. ഇതേ തുടർന്നാണ് അക്രമം ഉണ്ടായത്. ബോധപൂർവമായ ആക്രമണത്തിന് വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥർ ഇരയായിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായെന്നും റിപ്പോർട്ടിൽ പറയുന്നു.
മന്ത്രി വി. ശിവൻകുട്ടി, ഇടതു നേതാക്കളായ ഇ.പി. ജയരാജൻ, കെ.ടി.ജലീൽ, കെ.അജിത്,കെ.കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ, എന്നിവരാണ് കേസിലെ പ്രതികൾ.