പ്ലസ്വണ് പ്രവേശനം നേടിയവർ 3,48,906 പേർ
Thursday, July 3, 2025 1:57 AM IST
തിരുവനന്തപുരം: മുഖ്യഘട്ട ആലോട്ടമെന്റ് പൂർത്തിയായപ്പോൾ സംസ്ഥാനത്ത് പ്ലസ് വണിൽ പ്രവേശനം നേടിയത് 3,48,906 പേർ. ഇതിൽ 2,68,584 പേർ മെറിറ്റ് സീറ്റിലും 20,991 പേർ കമ്മ്യൂണിറ്റി ക്വോട്ടയിലും 34,897 പേർ മാനേജ്മെന്റ് ക്വോട്ടയിലും 18,490പേർ അണ്എയ്ഡഡിലും 4,834 പേർ സ്പോർട്സ് ക്വോട്ടയിലുമാണ് പ്രവേശനം നേടിയത്.
അലോട്ട്മെന്റ് നൽകിയിട്ടും 82,896 പേർ പ്രവേശനം നേടിയിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
മെറിറ്റ് ക്വോട്ടയിൽ മാത്രം 58061 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. സപ്ലിമെന്ററി അലോട്ട്മെന്റിൽ പരിഗണിക്കേണ്ടതിനായി 47,654 അപേക്ഷകളാണ് ലഭിച്ചത്. ബാക്കി വരുന്ന സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുമെന്നും മന്ത്രി അറിയിച്ചു.
മലപ്പുറം ജില്ലയിൽ മാത്രം മെറിറ്റ് ക്വോട്ടയിൽ 8,742 സീറ്റുകൾ ഒഴിവുണ്ട്. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് നാളെ പ്രസിദ്ധീകരിക്കും. ഒന്നാം സപ്ലിമെന്ററി പ്രവേശനം നാളെ മുതൽ എട്ടുവരെയാണ്.
രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷകൾ നൽകാനുള്ള തീയതി ഒൻപത് മുതൽ 11 വരെയാണ്. ഇതിന്റെ ഫലം 16ന് പ്രസിദ്ധീകരിക്കും. സ്കൂൾ മാറ്റത്തിനുള്ള അപേക്ഷകൾ 19 മുതൽ 21 വരെ നൽകാമെന്നും മന്ത്രി അറിയിച്ചു.