മയക്കുമരുന്ന് വില്‍പ്പനശൃംഖലയുടെ തലവനെ കസ്റ്റഡിയില്‍ വാങ്ങും
Thursday, July 3, 2025 1:57 AM IST
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഡാര്‍ക്ക്നെറ്റ് മയക്കുമരുന്ന് വില്‍പ്പനശൃംഖല കെറ്റാമെലോണിന്റെ തലവനായ മൂവാറ്റുപുഴ വള്ളക്കാലില്‍ മുളയംകാട്ടില്‍ എഡിസനെ വിശദമായി ചോദ്യംചെയ്യാന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോണ്‍ ബ്യൂറോ (എന്‍സിബി) അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങും.
ഇത് സംബന്ധിച്ച് എന്‍സിബി നല്കിയ കസ്റ്റഡി അപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിച്ചേക്കും.
എഡിസനൊപ്പം കസ്റ്റഡിയിലെടുത്ത മൂവാറ്റുപുഴ സ്വദേശിയായ കൂട്ടാളിയുടെ അറസ്റ്റും രേഖപ്പെടുത്തി. കെറ്റാമെലോണ്‍ മയക്കുമരുന്ന് ശൃംഖലയുടെ തലവന്‍ എഡിസനാണെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിലെ കണ്ടെത്തല്‍.
രണ്ടു വര്‍ഷമായി ഇതുവഴി ഇയാള്‍ മയക്കുമരുന്ന് ഇടപാടുകള്‍ നടത്തുന്നു. ഡാര്‍ക്ക്നെറ്റ് വഴി സ്വന്തം ആവശ്യത്തിനാണ് ആദ്യം മയക്കുമരുന്ന് വാങ്ങിയത്. പിന്നീട് കെറ്റാമെലോണ്‍ ഒരുക്കുകയും ഇടപാടിലേക്ക് കടക്കുകയുമായിരുന്നു.