രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത സംഭവം; നിയമവിരുദ്ധമായ സസ്പെന്ഷന്: മന്ത്രി ബാലഗോപാല്‍
Thursday, July 3, 2025 1:57 AM IST
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലറുടെ നടപടിയിൽ ഗവർണർക്കെതിരേ രൂക്ഷ വിമർശനവുമായി മന്ത്രി ബാലഗോപാൽ. സംസ്ഥാനത്തിന്റെ പൊതു താല്പര്യം സംരക്ഷിക്കേണ്ടയാളാണ് ഗവര്‍ണറെന്ന് ഓര്‍മിപ്പിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.
വിദ്യാഭ്യാസ രംഗത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഉള്ളയാളാണ് ഗവര്‍ണര്‍. നിയമ വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോള്‍ നടന്നത്. ഉന്നത വിദ്യാഭസ മേഖലയെ തകര്‍ക്കുന്ന നിലപാടാണ് നിരന്തരം ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്നുംഅദ്ദേഹം വ്യക്തമാക്കി.
ആര്‍എസ്എസ് താത്പര്യമെന്ന് കെഎസ്യു
തിരുവനന്തപുരം: രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലറുടെ നടപടി ഗവര്‍ണറുടെ ആര്‍എസ്എസ് താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍.
രജിസ്ട്രാര്‍ക്ക് പിന്തുണയുമായി എസ്എഫ്ഐ
തിരുവനന്തപുരം: രജിസ്ട്രാര്‍ക്ക് പിന്തുണയുമായി എസ്എഫ്ഐ രംഗത്തെത്തി. മതേതരത്ത്വവും യൂണിവേഴ്സിറ്റി നിയമവും ഉയര്‍ത്തിപ്പിടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ക്ക് നിരുപാധിക പിന്തുണ നല്‍കുന്നതായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം. സഞ്ജീവ് വ്യക്തമാക്കി.
കീറക്കടലാസെന്ന് സിന്‍ഡിക്കറ്റ്
തിരുവനന്തപുരം: രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത താത്കാലിക വിസി മോഹന്‍ കുന്നുമ്മലിന്റെ നടപടി തള്ളിക്കളയുന്നുവെന്ന് സിന്‍ഡിക്കറ്റിലെ ഇടത് അംഗം ജി. മുരളീധരന്. വിസിയുടെ ഉത്തരവിന് കീറക്കടലാസിന്റെ വില മാത്രമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.