എസ്എടിയില്‍ പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി പിജി കോഴ്സ് ആരംഭിക്കുന്നതിന് പ്രഫസര്‍ തസ്തിക
Thursday, July 3, 2025 1:57 AM IST
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രിയില്‍ പീഡിയാട്രിക് ഗ്യാസ്ട്രോ എനന്ററോളജി വിഭാഗത്തില്‍ പി.ജി കോഴ്സ് ആരംഭിക്കുന്നതിനായി പ്രഫസര്‍ തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
നിലവിലെ യൂണിറ്റ് വിപുലീകരിച്ച് പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി ഡിപ്പാര്‍ട്ട്മെന്റ് ആക്കുന്നതിന്റെ ഭാഗമായാണ് ഈ തസ്തിക സൃഷ്ടിച്ചത്. 93 ലക്ഷം രൂപ ചെലവഴിച്ചുള്ള അത്യാധുനിക എന്‍ഡോസ്കോപ്പി മെഷീന് എസ്എടിയില്‍ ഉടന്‍ സ്ഥാപിക്കും.
ഉദര സംബന്ധ രോഗങ്ങള്‍ക്ക് ആധുനികവും ഗുണമേന്മയുള്ളതുമായ ചികിത്സ ഉറപ്പാക്കാന്‍ പുതിയ ഡിപ്പാര്‍ട്ട്മെന്റ് ആരംഭിക്കുന്നതോടെ സാധിക്കും. രാജ്യത്ത് ആറാമതും സംസ്ഥാനത്ത് ആദ്യമായുമാണ് സര്‍ക്കാര്‍ മേഖലയില്‍ എസ്എടി ആശുപത്രിയില്‍ പീഡിയാട്രിക് ഗ്യാസ്ട്രോ എ്ന്ററോളജി വിഭാഗം ആരംഭിക്കുന്നത്.
പിജി കോഴ്സ് ആരംഭിക്കുന്നത് രാജ്യത്ത് അഞ്ചാമതുമാണ്. കോഴ്സ് ആരംഭിക്കുന്നതോടെ ഈ രംഗത്തെ കൂടുതല്‍ വിദഗ്ധ ഡോക്ടര്‍മാരെ സൃഷ്ടിക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.