സംസ്ഥാനത്തെ എൻജിനിയറിംഗ് കോളജുകളിലെ പുതിയ കോഴ്സുകളിൽ അലോട്ട്മെന്റ് നല്കണമെന്നു കോടതി
Thursday, July 3, 2025 1:57 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിംഗ് കോളജുകളിൽ എഐസിടിഇ ഈ വർഷം ആരംഭിക്കാൻ അനുമതി നല്കിയ പുതിയ കോഴ്സുകളിൽ പ്രവേശനത്തിനുള്ള നടപടികൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് ക്രമീകരണം ഒരുക്കണമെന്നു കോടതി വിധി.
എഐസിടിഇ അനുമതി നല്കിയ കോഴ്സുകളിൽ സാങ്കേതിക സർവകലാശാല പരിശോധന നടത്തി അഫിലിയേഷൻ നല്കാത്തതിനെ തുടർന്ന് പ്രവേശന നടപടികളിൽ അനിശ്ചിതത്വമായിരുന്നു. ഇതിനു പിന്നാലെയാണ് സ്വകാര്യ കോളജ് മാനേജ്മെന്റുകൾ കോടതിയെ സമീപിച്ചത്.
കോളജ് മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി എഐസിടിഇ അംഗീകാരം നല്കിയ കോഴ്സുകളിലേക്ക് പ്രവേശനം നടത്താനുള്ള ക്രമീകരണം ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഒരുക്കണമെന്ന നിർദേശമാണ് നല്കിയിട്ടുള്ളത്.
ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അലോട്ട്മെന്റുമായുള്ള കാര്യങ്ങളിൽ പ്രവേശന പരീക്ഷാ കമ്മീഷണറുമായി ആശയവിനിമയം നടത്തി വിദ്യാർഥികളുടെ പ്രവേശനം ഉറപ്പാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. എൻജിനിയറിംഗ് കോളജുകൾ പുതിയ കോഴ്സുകൾക്കായി അപേക്ഷിക്കുന്പോൾ സർവകലാശാലയിൽനിന്നും എൻഒസി വാങ്ങിയാണ് അപേക്ഷ സമർപ്പിക്കുന്നത്. ഇത്തരത്തിൽ എൻഒസി ഉള്ള കോഴ്സുകൾ മാത്രമേ എഐസിടിഇ അംഗീകാരത്തിനായി പരിഗണിക്കുകയുള്ളൂ. കോഴ്സുകൾക്ക് അനുമതി നല്കുന്നതിന്റെ ഭാഗമായി എഐസിടിഇ അംഗങ്ങൾ അപേക്ഷ സമർപ്പിച്ച കോളജുകളിലെത്തി ഫാക്കൽറ്റി സൗകര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചാണ് കോഴ്സിന് അംഗീകാരം നല്കുന്നത്.
ഇത്തരത്തിൽ അംഗീകാരം ലഭിച്ച കോഴ്സുകളിലേക്കാണ് ഈ വർഷം സർവകലാശാലയുടെ അലംഭാവം മൂലം പ്രവേശന നടപടികൾ അനിശ്ചിതത്വത്തിലായത്. 150ലധികം എൻജിനിയറിംഗ് കോളജുകൾ ഉൾപ്പെടെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാങ്കേതിക സർവകലാശാലയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.
സർവകലാശാലയും സർക്കാരും തമ്മിലുള്ള ശീതസമരത്തിനു പിന്നാലെ നാഥനില്ലാക്കളരിയായി മാറിയിരിക്കുകയാണ് കേരള സാങ്കേതിക സർവകലാശാല. താത്കാലിക വിസിയാണ് ഭരണം നടത്തുന്നത്. കോടതി കേസുകളെ തുടർന്ന് വിസിക്ക് നയപരമായ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നില്ല.
സർവകലാശാലയിൽ രജിസ്ട്രാർ ഇല്ല. പുതിയ കോഴ്സുകൾ സംബന്ധിച്ചും സീറ്റ വർധന സംബന്ധിച്ചും പരിശോധന നടത്തേണ്ട സിൻഡിക്കറ്റും നിലവിൽ സർവകലാശാലയിൽ ഇല്ല. ഇത്തരമൊരു സാഹചര്യത്തിലാണ് കോളജുകൾക്ക് പ്രവേശന നടപടികൾക്കായി കോടതിയെത്തന്നെ സമീപിക്കേണ്ടി വന്നത്.
41 കോളജുകളാണ് വിവധ പുതിയ കോഴ്സുകൾക്കായി എഐസിടിഇയിൽനിന്നും അംഗീകാരം വാങ്ങി പ്രവേശന നടപടികൾക്കായി കാത്തിരിക്കുന്നത്.