പ്രമോഷൻ നടക്കാത്തത് നിയമനത്തെ ബാധിച്ചു; സമരം ശക്തമാക്കാൻ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികൾ
Saturday, January 16, 2021 1:02 AM IST
കോഴിക്കോട്: സമയബന്ധിതമായി പ്രമോഷന് നടപടികള്‍ പൂര്‍ത്തീകരിക്കാത്തതുമൂലം പണി കിട്ടിയത് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുൾപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക്. കഴിഞ്ഞകാലത്തെ അപേക്ഷിച്ച് പത്ത് ശതമാനം കുറവ് നിയമനമാണ് നടന്നതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
കോഴിക്കോട് ജില്ലയില്‍ 4905 പേര് ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍നിന്ന് ഇതുവരെ നിയമനം നടന്നത് 537 പേര്‍ക്കാണ്. അതായത് 11 ശതമാനം പേര്‍ക്ക്. റാങ്ക് ലിസ്റ്റ് അവസാനിക്കാന്‍ ഇനി ആറുമാസം മാത്രമാണ് അവശേഷിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തുടർന്ന് മൂന്നുമാസത്തോളം മാത്രമേ നിയമന നടപടികള്‍ ഉണ്ടാകുകയുള്ളൂവെന്നതാണ് ഇവരുടെ ആശങ്ക.
കോവിഡ് പശ്ചാത്തലത്തില്‍ വിവിധ വകുപ്പുകളില്‍ പ്രമോഷന് നടപടികള്‍ നടക്കാതെ പോയതാണ് നിയമനം കുറയാൻ കാരണമായത്.
റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി ലിസ്റ്റില്‍പ്പെട്ട കൂടുതല്‍ പേര്‍ക്ക് നിയമനം നല്‍കണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ അഭ്യർഥന. ആവശ്യമുന്നയിച്ച് കളക്ടറേറ്റിനു മുന്നില്‍ നടത്തിവരുന്ന അനിശ്ചിതകാലസമരം 18-ന് എം.കെ. രാഘവന് എംപി ഉദ്ഘാടനം ചെയ്യും.
26-ന് സെക്രട്ടേറിയറ്റിനു മുന്നിലും സമരം നടത്തുമെന്നും ഉദ്യോഗാര്‍ഥികള്‍ അറിയിച്ചു.