നിർമാണത്തിനിടെ കെട്ടിടം ഇടിഞ്ഞുവീണ സംഭവം ; സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല
Tuesday, December 10, 2019 12:30 AM IST
കളമശേരി: കൊച്ചിൻ കാൻസർ സെന്ററിനായി 350 കോടി രൂപ മുടക്കി നിർമിക്കുന്ന കെട്ടിടം നിർമാണത്തിനിടെ ഇടിഞ്ഞുവീണ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഭരണകക്ഷിയിലെ മുതിർന്ന എംഎൽഎയുടെ നേതൃത്വത്തിലുള്ള നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി റിപ്പോർട്ടിൽ സാങ്കേതിക വൈദഗ്ധ്യമുള്ള പ്രോജക്ട് മാനേജരുടെ നേതൃത്വത്തിൽ മാത്രം പ്രവർത്തനം നടത്താവു എന്നു നിർദേശമുണ്ടായിട്ടും സർക്കാർ ഇത് അവഗണിച്ച് നിർമാണം നടത്തിയതിൽ അവ്യക്തതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇന്നലെ രാവിലെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം സംഭവസ്ഥലം സന്ദർശിക്കുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ഒരു ഓഫീസറുടെ നേതൃത്വത്തിൽ മാത്രമേ തുടർനിർമാണം നടത്താവൂ. കെട്ടിടം ഇടിഞ്ഞുവീണ് നിരവധി പേർക്ക് പരിക്കേറ്റിട്ടും സംഭവം മറച്ചുവയ്ക്കാൻ സർക്കാർ ശ്രമിച്ചത് അത്യന്തം ഗുരുതരമായ തെറ്റാണ്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. അൻവർ സാദത്ത് എംഎൽഎ, വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ മുത്തലിഫ്, കളമശേരി നഗരസഭാ ചെയർപേഴ്സൺ റുക്കിയ ജമാൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.