പെർത്ത് ടെസ്റ്റിൽ ഇന്ത്യൻ ജയം 295 റൺസിന്
Monday, November 25, 2024 11:24 PM IST
പെർത്ത്: സ്പിന്നിനെ തുണയ്ക്കുന്ന ഇന്ത്യൻ പിച്ചിൽ ന്യൂസിലൻഡിനോട് മൂന്നു മത്സരങ്ങളുടെ ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിൽ സന്പൂർണ പരാജയം നേരിട്ടപ്പോൾ പേസിനെ അകമഴിഞ്ഞ് സഹായിക്കുന്ന ഓസ്ട്രേലിയൻ പിച്ചിൽ ഇന്ത്യൻ ടീമിന്റെ അവസ്ഥ എന്താകുമെന്ന് സംശയിച്ചവർക്കു മറുപടിയായി പെർത്ത് ടെസ്റ്റിലെ ജയം.
ഒന്നാം ഇന്നിംഗ്സിലെ ബാറ്റിംഗ് തകർച്ചയ്ക്ക് തീപ്പൊരി ബൗളിംഗും രണ്ടാം ഇന്നിംഗ്സിലെ പക്വതയാർന്ന ബാറ്റിംഗ് പ്രകടനവും കൊണ്ട് ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഇതിനു മുന്‍പ് ഒരു ടെസ്റ്റിൽ മാത്രം ടീമിനെ നയിച്ചു പരിചയമുള്ള ജസ്പ്രീത് ബുംറയുടെ കീഴിൽ ഇന്ത്യ ഓസ്ട്രേലിയൻ മണ്ണിലെ ഏറ്റവും വലിയ ജയം സ്വന്തമാക്കി. 295 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്.
534 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഓസീസ്, 58.4 ഓവറിൽ 238 റണ്‍സിന് പുറത്തായി. അർധസെഞ്ചറി നേടിയ ട്രാവിസ് ഹെഡാണ് (89) ഓസീസിന്റെ ടോപ് സ്കോറർ. ഇതോടെ, അഞ്ചു ടെസ്റ്റുകളുടെ പരന്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. സ്കോർ: ഇന്ത്യ 150, 487/6 ഡിക്ലയേർഡ്, ഓസ്ട്രേലിയ 104, 238. പെർത്ത് ഓപ്റ്റസ് സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയുടെ ആദ്യ തോൽവിയാണ്.
രണ്ട് ഇന്നിംഗ്സിലുമായി എട്ടു വിക്കറ്റെടുത്ത ബുംറയാണ് പ്ലയർ ഓഫ് ദ മാച്ച്. പരന്പരിലെ രണ്ടാം ടെസ്റ്റ്, ഡിസംബർ ആറു മുതൽ അഡ്ലെയ്ഡിൽ നടക്കും.
വൈകിപ്പിച്ചത് ഹെഡും മാർഷും
മൂന്നു വിക്കറ്റ് നഷ്ടത്തിൽ 12 റണ്‍സുമായി നാലാം ദിനം ബാറ്റിംഗ പുനരാരംഭിച്ച ഓസീസിന്, ഇന്നലെ അഞ്ച് റണ്‍സ് കൂടി കൂട്ടിച്ചേർത്തപ്പോഴേയ്ക്കും നാലാം വിക്കറ്റും നഷ്ടമായി. ഇതോടെ, ആദ്യ സെഷനിൽത്തന്നെ വിജയത്തിലെത്താമെന്ന് ഇന്ത്യ പ്രതീക്ഷിച്ചു. എന്നാൽ, ട്രാവിസ് ഹെഡ്- സ്റ്റീവൻ സ ്മിത്ത കൂട്ടുകെട്ട് മത്സരം നീട്ടി. നിലയുറപ്പിക്കുമെന്ന് തോന്നിയ ഈ സഖ്യം സ്മിത്തിനെ (17) ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചുകൊണ്ട് സിറാജ് പൊളിച്ചു. 62 റണ്‍സാണ് ഈ സഖ്യം നേടിയത്.
പിന്നീട് ഹെഡ്, മിച്ചൽ മാർഷുമായി ചേർന്ന് ആക്രമിച്ചു കളിച്ചതോടെ മത്സരം നീണ്ടു. അർധസെഞ്ചറിയുമായി ഹെഡ് പൊരുതിയതോടെ ഇന്ത്യൻ വിജയം പ്രതീക്ഷിച്ചതിലും വൈകി. ഇന്ത്യയെ പലപ്പോഴു വിഷമത്തിലാക്കുന്ന ഹെഡിനെ ബുംറ വിക്കറ്റ്കീപ്പറുടെ കൈളിലെത്തിച്ചു. 101 പന്ത് നേരിട്ട ഹെഡ് എട്ടു ഫോറുകൾ നേടി. ഇതോടെ ഇന്ത്യ വിജയം ഇന്നലെത്തന്നെ ഉറപ്പാക്കി.
മാർഷ് (67 പന്തിൽ 47), അലക്സ് കാരി (58 പന്തിൽ 36), മിച്ചൽ സ്റ്റാർക്ക് (35 പന്തിൽ 12) എന്നിവരും ഇന്ത്യൻ വിജയം നാലാം ദിനം മൂന്നാം സെഷനിലേക്ക് നീട്ടുന്നതിൽ നിർണായക പങ്കുവഹിച്ചു. മാർഷിനെ പുറത്താക്കിയാണ് നിതീഷ് കുമാർ കന്നി ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കിയത്.
മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രണ്ടു വിക്കറ്റ് വീഴ്ത്തിയ വാഷിംഗ്ടൻ സുന്ദർ എന്നിവർ ചേർന്നാണ് ഓസീസിനെ തകർത്തത്. ഹർഷിത് റാണ, നിതീഷ് റെഡ്ഢി എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
സ്കോർ ബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 150
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 104
ഇന്ത്യ രണ്ടാം ഇന്നിംഗ്സ് 487/6 ഡിക്ലയേർഡ്.
ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ്
മക്സ്വീനി എൽബിഡബ്ല്യു ബി ബുംറ 0, ഖ്വാജ സി പന്ത് ബി സിറാജ് 4, കമ്മിൻസ് സി കോഹ് ലി ബി സിറാജ് 2, ലബുഷെയ്ൻ എൽബിഡബ്ല്യു ബി ബുംറ 3, സ്മിത് സി പന്ത് ബി സിറാജ് 17, ഹെഡ് സി പന്ത് ബി ബുംറ 89, മാർഷ് ബി നിതീഷ് കുമാർ റെഡ്ഢി 47, കാരി ബി ഹർഷിത് റാണ 36, സ്റ്റാർക്ക് സി ജുറെൽ ബി വാഷിംഗ്ടണ്‍ സുന്ദർ 12, ലിയോണ്‍ ബി വാഷിംഗ്ടണ്‍ സുന്ദർ 0, ഹെയ്സൽവുഡ് 4, എക്സ്ട്രാസ് 24, ആകെ 58.4 ഓവറിറിൽ 238.
ബൗളിംഗ്
ബുംറ 12-1-42-3, സിറാജ് 14-2-51-3, റാണ 13.4-1-69-1, വാഷിംഗ്ടണ്‍ സുന്ദർ 15-0-48-2, നിതീഷ് കുമാർ 4-0-21-1.